കോടിയേരിയുടേത് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍: എംഎം ഹസ്സന്‍

New Update

publive-image

നയനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നതിനാലാണ് ലോകായുക്ത അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്ന വാദംഉയര്‍ത്തിയ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

Advertisment

നയനാരുടെ കാലത്ത് കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്ന ഒരു നടപടിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന തുറന്ന പറച്ചിലാണ് കോടിയേരി ഇപ്പോള്‍ നടത്തിയത്. വൈകിയെങ്കിലും കോണ്‍ഗ്രസിന്റെ മഹത്വം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. നയാനാരുടെ ഭരണകാലം പോലെ അഴിമതി രഹിത കമ്യൂണിസ്റ്റ് രാജല്ല,പിണറായി ഭരണത്തില്‍ അഴിമതി രാജാണെന്ന് പരസ്യമായി സമ്മതിക്കുക കൂടിയാണ് കോടിയേരി ബാലകൃഷ്ണന്‍.

ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ അടിയന്തര സാഹചര്യം എന്താണെന്ന് ജനങ്ങളെയും ഇടതുമുന്നണിയിലെ പ്രമുഖകക്ഷിയായ സിപി ഐയെയും ബോധ്യപ്പെടുത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ലോകായുക്തയുടെ നാളിതുവരെയുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമല്ലെന്ന ബോധ്യം കോടിയേരിക്കുണ്ട്. ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെയും സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരയുമുള്ള കേസുകള്‍ ലോകായുക്ത പരിഗണിക്കാനിരിക്കുന്നുയെന്നത് തന്നെയാണ് അടിയന്തര സാഹചര്യമെന്ന് കേരള ജനതയ്ക്കറിയാം. ലോകായുക്തയുടെ പരിഗണനയിലിരിക്കുന്ന ഈ കേസുകളില്‍ സ്വജനപക്ഷപാതം, അഴിമതി എന്നിവ ഏത് കോടതിയില്‍ പോയാലും തെളിയിക്കപ്പെടുമെന്നത് വസ്തുതയാണ്. അഴിമതി തടയാനുള്ള സംവിധാനങ്ങളായ വിജിലന്‍സിനേയും വിവരാവകാശ നിയമത്തേയും കൂച്ചുവിലങ്ങിട്ടത് പോലെ ലോകായുക്തയേയും നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങളാണ് ഓര്‍ഡിനന്‍സിന് പിന്നിലെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.

Advertisment