/sathyam/media/post_attachments/pZT44guij6y63YVZlL5i.jpg)
ഇടുക്കി: ജില്ലയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ജില്ലയില്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക തലത്തില്‍ മികച്ച ഇടപെടലുകള്‍ നടത്തുകയും ചര്‍ച്ചയും വേണം. നിലവില്‍ വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ജാഗ്രത സമിതികള്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു.
ഓരോ മണ്ഡലത്തിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതത് എംഎല്‍എ മാര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. തദ്ദേശ ഭരണ സ്ഥാപന അധികൃതര്‍ കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പ്രസിഡന്റുമാര്‍ മന്ത്രിയെ ധരിപ്പിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും, പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് കൃത്യമായി നടത്തുകയും വാര്‍ റൂമിന്റെയും ഹെല്പ് ഡെസ്‌കിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.
മാരക അസുഖങ്ങള്‍ ഇല്ലാത്തവര്‍ സ്വയം വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കണം. രോഗബാധിതരും പ്രഥമിക സമ്പര്‍ക്കത്തിലുള്ളവരും നിരീക്ഷണത്തില്‍ ഇരിക്കുന്നുണ്ടോയെന്ന് കൃത്യമായി അവലോകനം ചെയ്യണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ടിന്റെ ലഭ്യത ഓരോരോ പഞ്ചായത്തുകള്‍ വിലയിരുത്തണം. ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം ഉറപ്പ് വരുത്തണം. പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മരുന്നുകളുടെ ലഭ്യത മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കണം.
ചികിത്സാ സൗകര്യം ആവശ്യമുള്ളവര്‍ക്ക് ഉറപ്പ് വരുത്തണം. ആശുപത്രികളില്‍ ബെഡിന്റെ അപര്യാപ്തതാ നിലവിലില്ല. മെഡിക്കല്‍ കോളേജില്‍ 80 ബെഡ്ഡുകള്‍, അടിമാലിയില്‍ 120 ബെഡ്ഡ്, നെടുംകണ്ടത്ത് കരുണ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യം തുടങ്ങിയവ അധികമായി ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വണ്ടിപെരിയാര്‍ പഞ്ചായത്ത് ആശുപത്രിയിലെ അസൗകര്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.
യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ മാരായ എംഎം മണി, വാഴൂര്‍ സോമന്‍, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, എഡിഎം ഷൈജു പി ജേക്കബ്, ഡിഎംഒ ഡോ.ജേക്കബ് വര്‍ഗീസ് തുടങ്ങി ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us