കൊച്ചി: വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിലും, ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹർജിയിലും ഹൈക്കോടതി ഇന്ന് തുടർവാദം കേൾക്കും. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു.
അതിനനുസരിച്ച് പ്രതിഭാഗം ഫോണുകൾ കൈമാറും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫോണുകൾ സ്വതന്ത്ര ലാബിൽ പരിശോധിക്കണമെന്ന ആവശ്യവും പ്രതിഭാഗം ഉന്നയിക്കും. അതേസമയം തർക്കത്തിലുള്ള നാലാമത്തെ ഫോണിൻറെ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിന് ഒപ്പം മറ്റ് ഫോണുകൾ തങ്ങൾക്ക് വിട്ടു കിട്ടണം എന്നതാണ് പ്രോസിക്യൂഷൻ വാദിക്കുക.
ഒപ്പം പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യം ഉന്നയിക്കും. കേസിൽ ഫോൺ പരിശോധിക്കാനുള്ള ഏജൻസിയെ കോടതി ഇന്ന് തീരുമാനിച്ചേക്കും. മുൻകൂർ ജാമ്യ ഹർജിയുടെ കാര്യത്തിലും വാദം നടത്താൻ സാധ്യതയുണ്ട്.