/sathyam/media/post_attachments/IiNFU8G2wVEwJhxakt90.jpeg)
ആലുവ: ആറു മാസത്തെ കഠിനപരിശീലനത്തിനൊടുവിൽ കേരളാ പോലീസിൽ അർജ്ജുൻ ജോലിയിൽ പ്രവേശിച്ചു. എറണാകുളം റൂറൽ പോലീസിന്റെ ശ്വാനഗണത്തിൽ ഒന്നാം നിരയിൽ ആണ് ഇവന് ഇനി സ്ഥാനം. പോലീസ് ഡോഗ് സ്‌ക്വാഡിന്റെ പ്രവർത്തനങ്ങളിൽ ബദ്ധശ്രദ്ധനാകാനുള്ള തയ്യാറെടുപ്പുകൾ അർജ്ജുൻ തുടങ്ങിക്കഴിഞ്ഞു. സ്‌ഫോടക വസ്തുക്കൾ കണ്ടുപിടിയ്ക്കുന്നതിൽ പ്രത്യേക പ്രാവീണ്യമുള്ള മിടുക്കനാണ് ബെൽജിയം മാലിനോയ്സ് ഇനത്തിൽപ്പെട്ട ഈ നായ്ക്കുട്ടി. പരിശീലനകാലയളവിലെ മികവിന് കേരളാ പോലീസിന്റെ ഗോൾഡ് മെഡലും നേടിയാണ് റൂറൽ പോലീസിന്റെ പ്രത്യേക വിഭാഗമായ കെ-9 സ്‌ക്വാഡിലേയ്ക്കുള്ള അർജ്ജുന്റെ വരവ്.
ഇവനെപ്പോലെ മാലിനോയ്സ് ഇനത്തിൽപ്പെട്ട മറ്റു രണ്ടു ശ്വാനന്മാർ കൂടി സ്‌ക്വാഡിൽ ഉണ്ട്. മൂന്ന് ലാബും, ഒരു ബീഗിളും ഉൾപ്പെടെ ഇപ്പോൾ ആകെ ആറ് നായ്ക്കുട്ടികളാണ് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ പോലീസിന് സഹായികളാകുന്നത്. ദുരന്തമുഖങ്ങളിൽ ഭയം കൂടാതെ പാഞ്ഞുകയറുന്നതിനുള്ള ശേഷി ബെൽജിയം മാലിനോയ്സുകൾക്കുണ്ടെന്നാണ് പോലീസിന്റെ അനുഭവസാക്ഷ്യം. ലോകരാജ്യങ്ങളിൽ പോലീസ് കമാൻഡോ വിഭാഗത്തിൽ അവിഭാജ്യ ഘടകമാണ് ഈ നായകൾ.
ബുദ്ധിശക്തിയിലും ഘ്രാണശക്തിയിലും കൃത്യനിഷ്ഠയിലും ഒന്നാമതാണിവർ. സ്ഫോടകവസ്തുക്കൾ കണ്ടെത്തിക്കഴിഞ്ഞാൽ അനങ്ങാതെ സേനയ്ക്ക് വിവരം നൽകുവാൻ ഇവയ്ക്ക് കഴിയുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. പാസ്സിംഗ് ഔട്ടിനു ശേഷം ആദ്യം ജില്ലാ പോലീസ് ആസ്ഥാനത്തേയ്ക്കാണ് അർജ്ജുൻ എത്തിയത്. എൽദോ ജോയി, കെ. എം. ഹരികൃഷ്ണൻ എന്നീ ഉദ്യോഗസ്ഥരാണ് അർജ്ജുന്റെ പരിശീലകർ. എ.എസ്.ഐ. പി. എൻ. സോമന്റെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് എറണാകുളം റൂറൽ പോലീസിന്റെ കെ-9 സ്‌ക്വാഡിലുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us