പുലയർ കുലാചാരങ്ങളുടെ പുണ്ണ്യംപേറുന്ന ഇരിങ്ങോൾക്കാവ് ; നഗരത്തിലെ വനദുർഗ്ഗയ്ക്ക് മകരത്തിലെ വിത്തിടൽ നടന്നു

author-image
ജൂലി
Updated On
New Update

publive-image

പെരുമ്പാവൂർ: നൂറ്റെട്ടു ദുർഗ്ഗാലയങ്ങളിലൊന്നായി, പെരുമ്പാവൂരിന്റെ പെരുമകളിലൊന്നായി നിലകൊള്ളുകയാണ് പ്രസിദ്ധമായ ഇരിങ്ങോൾക്കാവ് വനദുർഗ്ഗാദേവി ക്ഷേത്രം. നഗരത്തിൽ നിന്നും അധികമകലെയല്ലാതെ ചരിത്രവും ഐതിഹ്യവും ജൈവവൈവിധ്യവും ഇടകലർന്ന് നിലകൊള്ളുന്ന ഒരു കലവറയെന്നുതന്നെ ഇരിങ്ങോൾക്കാവിനെ വിശേഷിപ്പിയ്ക്കാം. വൻവൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും വേരുകളും കുറ്റിക്കാടും ചെറു ജലാശയവുമൊക്കെയായി 50 ഏക്കർ വിസ്‌തൃതിയുള്ള നഗരസമീപത്തെ കാവിനു നടുക്ക് 1200 ഓളം വർഷം പഴക്കമുള്ള ദുർഗ്ഗാദേവിക്ഷേത്രമാണുള്ളത്. പുറത്ത് വെയില്‍ കത്തിക്കാളുമ്പോഴും കാവിനുള്ളിലെ സുഖശീതളിമ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിക്കും. ഭക്തരായും സഞ്ചാരികളായും ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിനായും ഇവിടെയെത്തുന്നവർ അനേകം.

Advertisment

publive-image

രാവിലെ സരസ്വതിയായും ഉച്ചക്ക് വനദുർഗ്ഗയായും രാത്രിയിൽ ഭദ്രകാളീ രൂപത്തിലും ആണ് ദേവി ഇവിടെ കാണപ്പെടുന്നതെന്നാണ് ഐതിഹ്യം. മീനത്തിലെ പൂരം പ്രസിദ്ധമാണ്. പിടിയാനകൾ മാത്രം അണിനിരക്കുന്ന പൂരമാണിവിടെ. മീനം രണ്ടു മുതൽ 10 വരെയാണ് പൂരം കൊണ്ടാടുന്നത്. പൂരത്തിന് പുറമെ പുനഃപ്രതിഷ്ഠാദിനവും നവരാത്രി മഹോത്സവവും തൃക്കാർത്തികയും ആഘോഷിക്കുന്നു. ഇവിടുത്തെ വിത്തിടൽ ചടങ്ങും പ്രസിദ്ധമാണ്. കേരളത്തില മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇരിങ്ങോൾ കാവിൽ പിടിയാനയെയാണ് എഴുന്നള്ളിക്കുന്നത്. പുരാതനകാലത്ത് ഈ വനത്തിനുള്ളിലെ ദേവീചൈതന്യം കല്ലിൽ ദർശിച്ച പുലയസമുദായത്തിൽ പെട്ട സ്ത്രീയുടെ പിൻമുറക്കാരായ കുടുംബക്കാരാണ് മകരത്തിൽ ഇവിടെ വിത്തിടലും കുടതുള്ളലും അനുഷ്ഠാനമായി നടത്തുന്നത്.

publive-image

മകരം 30-ന് തുടികൊട്ടിപ്പാട്ടും കുടതുള്ളലുമായി ഇവർ ഉച്ചപ്പൂജയോടെ കിഴക്കേ നടയിലെത്തും. തിരുമുറ്റം വലംവെച്ച് ഒരുകെട്ട് കറ്റയും നെൽപറയും ദേവിക്കു സമർപ്പിക്കുന്നതാണ് ചടങ്ങ്. വൃശ്ചിക മാസത്തിലെ കാർത്തികയും പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസും അവിവാഹിതരായ യുവതികൾക്ക് മംഗല്യസൗഖ്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഉപദേവന്മാരില്ലാത്ത ഒരു ക്ഷേത്രമാണിത്‌. ഇരിങ്ങോളിലെ ജന്മികുടുംബമായ നാഗഞ്ചേരി മനക്കാരുടെ കീഴിലുണ്ടായിരുന്ന അനേകം കാവുകളിൽ ഒരു കാവായിരുന്നു ഇത്.

publive-image

ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെയ്ക്കാൻ പാടില്ല എന്ന ഭൂപരിഷ്കരണനിയമം 1963-ൽ സർക്കാർ കൊണ്ടുവന്നപ്പോൾ, മനയിലെ അന്നത്തെ കാരണവരായിരുന്ന നാഗഞ്ചേരി വാസുദേവൻ നമ്പൂതിരി 1980-ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഇരിങ്ങോൾ കാവ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. തമ്പകം, വെള്ളപ്പൈൻ, തേക്ക്, ആഞ്ഞിലി, തുടങ്ങിയ വൻമരങ്ങളും തിപ്പലി, കാട്ടുകുരുമുളക്, പാതാരി, തുടങ്ങിയ ഔഷധസസ്യങ്ങളും തത്ത, കുയിൽ, പരുന്ത്, കാലൻകോഴി, പുള്ള്, നത്ത്, തുടങ്ങിയ 44 ഓളം ഇനം പക്ഷികളും വിവിധ ഇനം ചെറുജന്തുക്കളും അടങ്ങിയതാണ് ഈ വനസ്ഥലിയിലെ ജൈവവൈവിധ്യം. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യ, ജന്തുജാലങ്ങളിൽ പെട്ടവയാണ് പലതും.

Advertisment