/sathyam/media/post_attachments/UN3tdLvof9bCWdKaDqJZ.jpeg)
പെരുമ്പാവൂർ: പെരുമ്പാവൂരിലെ പഴയകാല സംഗീതപ്രതിഭകളായ കടുവാൾ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ചേച്ചിയും അനുജത്തിയുമാണ് അമ്മുവും ഓമനയും. കുടുംബത്തിലെ കഷ്ടപ്പാടുകളിൽ ജീവിതം തളയ്ക്കപ്പെട്ടപ്പോൾ പുറംലോകം അറിയാതെപോയ കലാകാരികൾ. അറുപത്തഞ്ച് വയസ്സുള്ള ഇരുവരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ പെരുമ്പാവൂർ സർക്കിൾ കാര്യാലയമായ വൈദ്യുതിഭവനത്തിൽ വർഷങ്ങളായി പാർട്ട് ടൈം സ്വീപ്പർമാരാണ്. വേദികൾ കിട്ടിയാൽ പാടാൻ ഇരുവരും അന്നും ഇന്നും തയ്യാർ.
പ്രായത്തിന്റെ തളർച്ചകളൊന്നും പാട്ടിലില്ല. പഴയകാല സിനിമാഗാനങ്ങൾ മനോഹരമായി ആലപിക്കും. കെ.എസ്.ഇ.ബി. പെരുമ്പാവൂർ സർക്കിളിനു കീഴിൽ ജീവനക്കാർക്കായുള്ള ഒരു മിനി ലൈബ്രറി വൈദുതിഭവനസമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയുടെ വാർഷികമായിരുന്നു വ്യാഴാഴ്ച. വേദിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്. ബി. സുരേഷ്‌കുമാർ മുഖ്യാതിഥിയായി ഉണ്ടായിരുന്ന വേളയിൽ 1971-ൽ ജീവിത സമരം എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി ലക്ഷ്മികാന്ത് പ്യാരേലാൽ ഈണമിട്ട് എസ്. ജാനകി പാടിയ "ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ.. എന്ന ഗാനം
അമ്മുവും ഓമനയും ചേർന്ന് പാടിയപ്പോൾ സദസ്സ് ഒന്നടങ്കം കൈയ്യടിച്ചു.
വൈദ്യുതി ഭവനത്തിലെ ലതാ മങ്കേഷ്കർ- ആശാ ഭോസാലെ സഹോദരിമാരെന്നാണ് ഇരുവരും അറിയപ്പെടുന്നത്. കുട്ടിക്കാലത്ത് ഇവർ രണ്ടു പേരും അച്ഛന്റെയും അമ്മയുടേയും കൈ പിടിച്ച് ഈ പാട്ടു പാടി നടക്കുമ്പോൾ അവരുടെ ഇടയിൽ ഒരു തർക്കമെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളിൽ ആരാണ് ജാനകി, ആരാണ് യേശുദാസ് ? ഇരുവരും പറയുന്നു. കെ.എസ്.ഇ.ബി. പാർട്ട് ടൈം സ്വീപ്പർമാരായതിനാൽ 70 വയസ്സുവരെ ഇവർക്ക് പണിയെടുക്കാം. ജീവിതജെകാലത്തോളം പാട്ടുപാടി സന്തോഷമായി ജീവിയ്ക്കണമെന്നാണ് സഹോദരിമാരുടെ ആഗ്രഹം. ലൈബ്രറി വാർഷികാഘോഷ ചടങ്ങിൽ എക്സിക്യൂട്ടീവ് എൻജിനീയർ ബിജുമോൻ എം.എ., ലൈബ്രെറിയൻ ഇൻ-ചാർജ്ജ് ശ്രീകുമാർ എസ്. വളയൻചിറങ്ങര, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ ബെന്നി മഞ്ഞപ്ര, മിനി എ.ആർ. തുടങ്ങിയവർ സംസാരിച്ചു.