/sathyam/media/post_attachments/0xqA0pl7rydq6y1icmu6.jpeg)
പുത്തൻകുരിശ്: എറണാകുളം ജില്ലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ളതും ചരിത്രപ്രസിദ്ധവുമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിനു കീഴിലുള്ള പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ കുംഭം രണ്ട് പെരുന്നാളിനോടനുബന്ധിച്ച് 'അഞ്ചേകാലും കോപ്പും നൽകൽ' മുറപ്രകാരം നടന്നു. പള്ളിയുടെ ശിലാസ്ഥാപനം നടന്നതിന്റെ ഉപകാരസമരണയ്ക്കായി പള്ളി വയ്ക്കാൻ സ്ഥലം വിട്ടുകൊടുത്ത ഹൈന്ദവ കുടുംബത്തിനെ പള്ളിയിൽ വിളിച്ചുവരുത്തി സ്വീകരിച്ചാനയിച്ച് ആദരിച്ചശേഷമാണ് അഞ്ചേകാലും കോപ്പും കൈമാറിയത്. പ്രധാന പെരുന്നാളിനോടനുബന്ധിച്ച് എല്ലാവർഷവും നടക്കുന്ന ഒരു ചടങ്ങാണിത്.
/sathyam/media/post_attachments/WMfZH5zQ0aPpqllzzVLS.jpeg)
ഇരുന്നൂറിലേറെ വർഷങ്ങൾക്ക് മുൻപ് ഈ ദേശത്തു ദേവാലയം നിർമ്മിക്കുവാൻ സ്ഥലം നൽകിയ പുത്തൻകുരിശിലെ പഴയ രാജാധികാരകാലത്തെ ഭൂപ്രഭുക്കന്മാരും സ്ഥാനി സാമന്തന്മാരുമായിരുന്ന കുളത്തനായത്ത് കർത്താക്കന്മാരുടെ കുടുംബത്തിലെ ഇപ്പോഴത്തെ സ്ഥാനി അംഗം ബാലൻ കർത്തായ്ക്കും കുടുംബത്തിനുമാണ് അഞ്ചേകാലും കോപ്പും സമ്മാനിച്ചത്.
പെരുന്നാൾ കുർബാനയ്ക്ക് ശേഷം അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയാണ് അഞ്ചേകാലും കോപ്പും കൈമാറിയത്. വികാരി ഫാ. ജോൺസ് മാത്യു, കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, ഫാ. കുര്യാക്കോസ് പി. തോമസ്, ഫാ. ബേസിൽ, പള്ളി ട്രസ്റ്റി ബാജി കെ. ജോർജ്ജ്, സെക്രട്ടറി ഗ്ലാഡ്സൺ ചാക്കോ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us