/sathyam/media/post_attachments/xI7W0DowvEaYM5L9gyV4.jpg)
മലയാള ഭാഷയെ സമഗ്രമാക്കുന്നതിൽ കാട്ടിലെ ഭാഷയുടെ പങ്ക് വളരെ വലുതാണ്. കാടിന്റെ ഭാഷയുടെ കൂടി ഉൾക്കൊളളലാണ് മലയാള ഭാഷയെ സമ്പന്നമാക്കുന്നത്. വികസിത സംസ്കാരത്തിന് മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുളള സവിശേഷമായ ഭാഷയും സംസ്കാരവും കാട്ടിലുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനും കാടർ സമുദായ അംഗവും വേഴാമ്പൽ സംരക്ഷകനുമായ വി. എം. സെന്തിൽ കുമാർ പറഞ്ഞു. ആനയോ പുലിയോ കാട്ടുപോത്തോ മറ്റേത് കാട്ടുമൃഗമോ ആകട്ടെ അവരുടെ ആവാസ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ഇടപെടലുകളോട് അവ പ്രതികരിക്കും. കാടിനെ മനസ്സിലാക്കി കാടിനോടിണങ്ങി പരിസ്ഥിതിയുടെ ജീവതാളം നിലനിർത്തുക എന്നത് വളരെ പ്രാധാനമാണ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ കാലടി മുഖ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച മാതൃഭാഷാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. എൻ. അജയകുമാർ മാതൃഭാഷാ പ്രഭാഷണം നടത്തി. സി. എം. മുരളീധരൻ സമ്പാദനം നിർവ്വഹിച്ച 'മലയാള ഭാഷയുടെ വൈജ്ഞാനിക പദവി' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഡോ. സുനിൽ പി. ഇളയിടം നിർവ്വഹിച്ചു. ഡോ. എം. കൃഷ്ണൻ നമ്പൂതിരി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ‘ഉന്നതവിദ്യാഭ്യാസവും ഭാഷാ വൈജ്ഞാനികതയും' എന്ന വിഷയത്തിൽ സി. എം. മുരളീധരൻ പ്രഭാഷണം നടത്തി.
മലയാള വിഭാഗം മേധാവി ഡോ. ലിസി മാത്യു അധ്യക്ഷയായിരുന്നു. ഡോ. വത്സലൻ വാതുശേരി, വിഷ്ണു കാണൂർ എന്നിവർ പ്രസംഗിച്ചു. സർവ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾ മാതൃഭാഷാ രംഗാവിഷ്കാരം, പൂരക്കളി, തോറ്റംപാട്ട്, നാടകം, നാടൻപാട്ട് എന്നിവ അവതരിപ്പിച്ചു.