മലയോരഗ്രാമങ്ങളിൽ മലയിഞ്ചി സുഗന്ധം പരക്കുന്നു; വിളവെടുപ്പു തുടങ്ങി, ഹൈറേഞ്ച് കർഷകർ ആഹ്ലാദത്തിൽ

author-image
ജൂലി
Updated On
New Update

publive-image

ഹൈറേഞ്ച്: കേരളത്തിന്റെ കിഴക്കൻ മലങ്കാടുകളിലും മലയോരഗ്രാമങ്ങളിലും കർഷകർ മലയിഞ്ചി വിളവെടുപ്പിന്റെ തിരക്കിലാണ്. പലകൃഷികളും മാറി മാറി പരീക്ഷിച്ചിട്ടും നഷ്ടത്തിന്റെ മാത്രം കണക്കുകൾ പറയേണ്ടിവന്നവർക്ക് മലയിഞ്ചി വിളവെടുപ്പിന്റെ തീക്ഷ്ണ സുഗന്ധം ആശ്വാസമായി മാറിയിരിക്കുകയാണ്. കാട്ടുപന്നിയുടെ ശല്യം മൂലം മറ്റൊരു കൃഷിയുമിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഹൈറേഞ്ചിൽ പലയിടങ്ങളിലും കർഷകർ മലയിഞ്ചികൃഷി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. ഹൈറേഞ്ചിലെ കാലാവസ്ഥയിൽ കാര്യമായ പരിപാലനങ്ങൾ ഒന്നുമില്ലാതെ തന്നെ വളരുമെന്നതിനാൽ കർഷകർക്ക് മലയിഞ്ചിയോടുള്ള പ്രതിപത്തി വർദ്ധിച്ചുവരുന്നു.

Advertisment

publive-image

മറ്റൊരു കൃഷിയും ചെയ്യാനാകാതെ തരിശു കിടക്കുന്ന കുന്നിൻ ചരിവുകളിൽ സമൃദ്ധമായി വളരും എന്നതിനാൽ പല കർഷകരും മലയിഞ്ചി കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. തൊട്ടാല്‍ പൊള്ളുന്നതിനാലും രൂക്ഷമായ ഗന്ധമുള്ളതിനാലും ഉറുമ്പുപോലും അടുത്തു വരില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നിരുന്നാലും കഴിഞ്ഞവര്‍ഷം വരെ വ്യാപകമായി കൃഷിചെയ്തിരുന്നില്ല. എന്നാല്‍ മലയിഞ്ചിയുടെ വിപണി സാധ്യത മനസ്സിലാക്കിയതോടെയാണ് ഹൈറേഞ്ച് മേഖലയില്‍ മലയിഞ്ചി വിപ്ലവം തുടങ്ങുന്നത്.

ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ എവിടെയും വളരുമെന്നതാണ് മലയിഞ്ചിയുടെ പ്രത്യേകത. കൃഷിയിടം ഒരുക്കി ഒന്നരയടി ആഴത്തില്‍ കഴികളെടുത്താണ് മൂന്നു കണ്ണുകളുള്ള മലയിഞ്ചി നടുന്നത്. നട്ടു മൂന്നുമാസത്തിനുശേഷം കളകള്‍ നീക്കം ചെയ്ത് ചാണകം മാത്രം വളമായി ഇട്ടുകൊടുത്താല്‍ മതി. മൂന്നാംവര്‍ഷം വരെ വിളവെടുക്കാം എന്നതാണ് കൃഷിക്കാരെ ഇതിലേയ്ക്കടുപ്പിയ്ക്കാൻ കാരണം. മലയിഞ്ചി കൃഷിക്ക് സര്‍ക്കാര്‍ ധനസഹായം ഒന്നും ലഭിക്കാറില്ല. സര്‍ക്കാന്റെ സഹായം ലഭിച്ചാല്‍ കൃഷിയില്‍ വന്‍നേട്ടം കൊയ്യാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

publive-image

മലയിഞ്ചി പറിച്ചെടുത്ത ശേഷം മണ്ണു നീക്കി തൊലികളഞ്ഞ് അരിഞ്ഞുണങ്ങി വിപണനം ചെയ്യുന്നതാണ് പരമ്പരാഗത രീതി. കൂടാതെ പച്ചയായും ഇത് മലഞ്ചരക്ക് കടകളിൽ സ്വീകരിക്കുന്നുണ്ട്.  സർക്കാർ തലത്തിൽ ഒരു സ്ഥിരം വിപണി ഇതിന് ഇല്ലാത്തത് ഒരു പരിമിതി ആണെങ്കിലും ഇന്ന് ഹൈറേഞ്ചിൽ പലയിടത്തും മലയിഞ്ചി വാങ്ങുന്ന വിപണികൾ കാണാം. ഉദരസംബന്ധമായ പലരോഗങ്ങൾക്കും ആയുർവേദത്തിൽ മലയിഞ്ചി അഥവാ കോലിഞ്ചി എന്നറിയപ്പെടുന്ന ഈ ചെടിയുടെ കിഴങ്ങുകൾ ഉപയോഗിക്കപ്പെടുന്നു.

ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ആയുർവേദത്തിൽ ഇവയ്ക്ക് ഉപയോഗം ക്രമങ്ങൾ ഉണ്ട്. ചില സുഗന്ധദ്രവ്യങ്ങളിലും മലയിഞ്ചി ഒരു പ്രധാന ഘടകമാണ്.
പെയിൻ ബാം നിർമ്മിക്കുന്നതിനും,ചർമ്മ സംരക്ഷണ വസ്തുക്കൾ നിർമ്മിക്കുന്നതിനും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഗന്ധകം അടങ്ങിയിരിക്കുന്നതിനാൽ ചുണങ്ങ് , ത്വക് രോഗം എന്നിവയ്ക്കും മലയിഞ്ചി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

Advertisment