വായനയിഷ്ടപ്പെടുന്നവർക്കായി വാതിൽതുറന്നിട്ട് സി. ആർ. രാധാകൃഷ്ണനും ജീവൽശ്രീ ടീച്ചറും

author-image
ജൂലി
Updated On
New Update

publive-image

മുളന്തുരുത്തി: വായനശാലകൾ ഗ്രാമങ്ങളിലെ അനൗദ്യോഗിക വിദ്യാലയങ്ങളാണെന്നും അവ വിജ്ഞാനത്തിന്റെ കെടാവിളക്കുകളാണെന്നും ഒരു വായനശാല തുറന്നാൽ ഒരു ഗ്രാമത്തിന്റെ അജ്ഞത അത്രയും കുറയുമെന്നും മലയാളിയെ പറഞ്ഞു പഠിപ്പിച്ച ഒരു പഴയകാലത്തിൽ നിന്നും മലയാളി ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. മറ്റേതൊരു രാജ്യത്തിലെയും പോലെ മലയാളിയുടെ വായനാനുഭവും മൊബൈലിലെ വിരൽത്തുമ്പത്താണ്. വായനയ്ക്കായി വിശാലമായ വാതായനം തുറന്നിട്ടുകൊണ്ട് ആധുനിക സങ്കേതങ്ങളുള്ളപ്പോഴും കേരളത്തിൽ ഗ്രാമീണവായനശാലകൾ ചിലയിടങ്ങളിലെങ്കിലും നല്ലനിലയിൽ പ്രവർത്തിയ്ക്കുന്നുവെന്നുള്ളത് ആശ്വാസമാവുകയാണ്.

Advertisment

കുട്ടികൾ മുതൽ വലിയവർ വരെയുള്ളവരിലേയ്ക്ക് വായനാലോകം വിശാലമാക്കുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നുണ്ട് പലയിടങ്ങളിലും. ഗ്രന്ഥശാലാപ്രസ്ഥാനത്തെ അത്രകണ്ട് സ്നേഹിക്കുന്ന സാംസ്കാരികപ്രവർത്തകരുള്ള നാട്ടിൽ വായനശാലകൾക്കും വായനക്കാർക്കും നിലനിൽപ്പുണ്ട് എന്നതിന്റെ ഉദാഹരണമായി പറയാം, എറണാകുളം ജില്ലയിലെ മുളന്തുരുത്തടിയ്ക്കടുത്ത് ആമ്പല്ലൂരിൽ എൺപത്തൊന്നാം പ്രവർത്തനവർഷത്തിലേയ്ക്ക് കടക്കുന്ന ആമ്പല്ലൂർ ഗ്രാമീണവായനശാലയെക്കുറിച്ച്. ആമ്പല്ലൂരിന്റെ അക്ഷരപുണ്ണ്യമായി നിലകൊള്ളുന്ന ഈ വായനശാലയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലേച്ഛയില്ലാത്ത സാമൂഹികസേവനം നടത്തുകയാണ് സഹകരണ വകുപ്പിൽ നിന്നും സൂപ്രണ്ടായി വിരമിച്ച ആമ്പല്ലൂർ 'രാജീവ'ത്തിൽ സി.ആർ. രാധാകൃഷ്ണനും ആമ്പല്ലൂർ സെൻ്റ് ഫ്രാൻസീസ് യു.പി. എസ്സിൽ നിന്നും പ്രധാന അദ്ധ്യാപികയായി വിരമിച്ച ജീവൽശ്രീ ടീച്ചറും.

publive-image

സി. ആർ . രാധാകൃഷണന്റെ അച്ഛനും പ്രമുഖ ഗാന്ധിയനും അധ്യാപകനുമായിരുന്ന കൊച്ചുമാഷ് എന്നറിയപ്പെട്ടിരുന്ന സി. രാഘവൻ പിള്ള സ്വന്തം ചെലവിൽ തറ പണിതു കെട്ടിട നിർമാണ കമ്മിറ്റി രൂപീകരിച്ച് ഉത്പന്നശേഖരണം, ഭാഗ്യക്കുറി, ധനശേഖരണാർത്ഥം നടത്തിയ ഷോകൾ, സംഭാവന, ലൈഫ് മെമ്പർഷിപ്പ് എന്നിവയിലൂടെ പടുത്തുയർത്തിയ പ്രസ്ഥാനത്തിന്റെ കാവൽക്കാരനാകാൻ നിയോഗം കിട്ടിയതും മകനു തന്നെയാണ്. പരിമിതമായ സൗകര്യങ്ങളിലാണ് പ്രവർത്തനമെങ്കിലും കമ്പ്യൂട്ടർവത്കരിച്ചതാണ് ഈ ഗ്രന്ഥശാല. വായനശാലാ പ്രസിഡണ്ടാണ് സി.ആർ. എങ്കിൽ താലൂക്ക് ലൈബ്രററി കൗൺസിൽ അംഗമാണ് ഭാര്യ ജീവൽശ്രീ ടീച്ചർ. പുലർച്ചെ 4 മണിക്ക് പ്രഭാതസവാരിക്കു ശേഷം വായനശാലയിൽ എത്തുന്ന ഇരുവരും ശുചീകരണം വരെ ഏറ്റെടുത്താണ് ഈ ഗ്രന്ഥശാലയെ സേവിക്കുന്നത്.

നാട്ടിലെ മികച്ച വായനശാലയായ ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ വിദ്യാഭ്യാസ-സാഹിത്യ-സാമൂഹ്യ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലെല്ലാം 63-ാം വയസിന്റെ നിറവിലും സി.ആർ ചുറുചുറുക്കോടെ മുൻപന്തിയിൽ ഉണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ മൂലം പരിപാടികൾ ചുരുക്കിയതോടെ വായനശാലാ പുസ്തകങ്ങളെല്ലാം ബൈൻഡ് ചെയ്ത് സൂക്ഷിക്കുന്ന തിരക്കിലാണിവർ. ഏതാനും ദിനപത്രങ്ങളുമായി തുടക്കമിട്ട വായനശാല വളർച്ചയുടെ പടവുകൾ കടന്ന് 638 സജീവാംഗങ്ങളും ഇരുപതിനായിരത്തോളം പുസ്തകങ്ങളും 10 ദിനപത്രങ്ങളും ഒട്ടുമിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളും റഫറൻസ് വിഭാഗവുമായി സുസജ്ജമായി നിലകൊള്ളുകയാണിന്ന്. കണയന്നൂർ താലൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള അവാർഡ് തുടർച്ചയായി മൂന്നുവർഷം നേടിയ പ്രവർത്തനമികവും വായനശാലയെ വേറിട്ടതാക്കുന്നു.

Advertisment