/sathyam/media/post_attachments/kEe6nylBWzG98Mr0AYmQ.webp)
തൊടുപുഴ: ഉക്രൈനിൽ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളും ജോലിക്കായി പോയിട്ടുള്ളതുമായ ഇൻഡ്യാക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവരെ അടിയന്തിരമായി നാട്ടിലെത്തുക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും കത്ത് നൽകി.
യുക്രെയ്‌നിലെ കാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി, സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഒഡെസ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ 1000-ലധികം മലയാളികളാണ് പഠിക്കുന്നത്. ഉക്രൈനിൽ ജോലിക്കായി പോയിട്ടുള്ളവരും നിരവധിയാണ്. യുദ്ധം ആരംഭിക്കുകയും വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തിരിക്കുന്നതിനാൽ ഈ വിദ്യാർത്ഥികളും അവരുടെ നാട്ടിലുള്ള മാതാപിതാക്കളും ഭീതിയിലാണ് കഴിയുന്നത്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും എം.പി ഈ വിഷയം സംസാരിച്ചു. സർക്കാർ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായും ഡൽഹിയിൽ കൺട്രോൾ റൂം തുറന്നിട്ടുള്ളതായും വിദ്യാർത്ഥികൾ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അറിയിച്ചതായും എം.പി പറഞ്ഞു. രാഷ്ട്രീയ മാനങ്ങൾ നോക്കാതെ ഇന്ത്യാക്കാരുടെ രക്ഷാ കാര്യത്തിൽ ഇടപെടണമെന്നും അവരുടെ സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യം നൽകണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എം.പി. ആവശ്യപ്പെട്ടു.