/sathyam/media/post_attachments/uZ8ZkiHHRmlprjwMEcHD.jpg)
കഴിഞ്ഞ ക്രിസ്തുമസ് രാത്രിയില്‍ കിഴക്കമ്പലത്തുണ്ടായ അക്രമ സംഭവത്തില്‍ അറസ്റ്റിലായ 174 പേരില്‍ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കിറ്റക്‌സ് കമ്പനി തീരുമാനിച്ചു. ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസങ്ങളൊന്നുമില്ല എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച്ചയാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 123 പേര്‍ക്കെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്, കൂടാതെ ജാമ്യം ലഭിച്ച തൊഴിലാളികളുടേയും കുടുംബങ്ങളുടെയും ദയനീയ സാഹചര്യം നേരിട്ട് ബോധ്യമായ സാഹചര്യത്തിലാണ് ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കിറ്റക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് പറഞ്ഞു.
തിരികെ ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 2000 രൂപയും അവരുടെ കുടുബങ്ങള്‍ക്ക് 10000 രൂപ വീതവും അടിയന്തിര ധനസഹായമായും നല്‍കും. ഇവയൊന്നും തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും തിരിച്ചു പിടിക്കില്ലെന്നും, കൂടാതെ താല്‍പര്യമുള്ളവര്‍ക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും കമ്പനിയൊരുക്കും. തൊഴിലാളികളോടുള്ള കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങളെന്നും സാബു ജേക്കബ് അറിയിച്ചു.
തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും വിഷമഘട്ടത്തില്‍ സഹായിക്കേണ്ടത് കമ്പനിയുടെ കടമയാണന്നും, ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ ഒരു തീരുമാനം നിറവേറ്റുന്നതില്‍ അഭിമാനമുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.ജാമ്യം ലഭിച്ച് തിരികെ ജോലിയില്‍ പ്രവേശിക്കുന്ന 123 പേരില്‍ കോടതി കുറ്റക്കാരാണ് എന്ന് കണ്ടെത്തി ശിക്ഷ വിധിക്കുന്ന സാഹചര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ച് അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കും.
ഡിസംബര്‍ 25 ന് രാത്രിയില്‍ നടന്ന അക്രമ സംഭവത്തില്‍ കാഴ്ചക്കാരായി നിന്ന നിരപരാധികളായ തൊഴിലാളികളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ടെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇക്കാര്യം കോടതിക്ക് കൂടി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 123 തൊഴിലാളികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us