/sathyam/media/post_attachments/P8D4l8Q1gYkMnWuMi28b.jpeg)
പിറവം: മധ്യകേരളത്തിലെ വൈവിധ്യമാർന്ന ഉത്‌സവങ്ങളിലൊന്നായ പാനമഹോത്സവം നടക്കുന്നയിടമാണ് മൂവാറ്റുപുഴയാറിന്റെ തീരത്ത് പിറവത്തിനടുത്ത് മുളക്കുത്തുള്ള കളമ്പൂക്കാവ് ദേവീക്ഷേത്രം. കമനീയമായ കെട്ടുകാഴ്ചയാണ് പ്രധാന ആകർഷണം. ദാരിക ദാനവേന്ദ്രന്മാരെ നിഗ്രഹിക്കാൻ അവതരിപ്പിച്ച ഭദ്രകാളിയും അസുരന്മാരും തമ്മിലുണ്ടായ ഉഗ്രയുദ്ധവും അസുര നിഗ്രഹവും പ്രതീകവത്ക്കരിച്ച് നടക്കുന്ന അനുഷ്ഠാനങ്ങളാണ് പാന എന്ന പേരിൽ കാവിൽ അരങ്ങേറുന്നത്.
/sathyam/media/post_attachments/5N1pNPCWqB5aCvGcOvud.jpeg)
ചക്കപ്പുഴുക്കും, മുതിരപ്പുഴുക്കും, അസ്ത്രവുമടങ്ങുന്ന പാരമ്പര്യ വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ പാനകഞ്ഞി കുടിച്ച് വർദ്ധിത വീര്യത്തോടെ എത്തിയ പാനക്കാർ ദേവിയുടെ അനുചാരന്മാരായി മാറി, പാനയെഴുന്നള്ളിപ്പിന് അകമ്പടി സേവിച്ചു. വൈകിട്ട് പാന നടയിൽ നടന്ന ദാരിക നിഗ്രഹ ചടങ്ങുകളോടെ ഇക്കൊല്ലത്തെ വലിയ പാനയ്ക്ക് പരിസമാപ്തിയായി. ധീവരസഭയുടെ കളമ്പൂർ, മുളക്കുളം ശാഖകളുടെ ഗരുഡനും മേവെളളൂർ ശ്രീവേദവ്യാസ ധീവര സമാജത്തിന്റെ ഭീമനും (കെട്ടുകാഴ്ച്ചകൾ ) ചെറിയപനയിൽ എന്നപോലെ വലിയ പാനയ്ക്കും കാവിന്റെ മുറ്റത്തെത്തി. ഉച്ചപ്പൂജ, പാനപ്പുര പൂജ, എന്നിവയെ തുടർന്ന് പാനക്കുറ്റി കൈയിൽ കിട്ടിയതോടെ ദേവിയുടെ ഭൂതകാര്യങ്ങളായി മാറിയ പാനക്കാർ ചുവന്ന പട്ട് ചുറ്റി കൈയിൽ പാനക്കുറ്റിയുമായി ആർത്തുല്ലസിച്ചിറങ്ങി പാനതുള്ളി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു.
/sathyam/media/post_attachments/UDSaXHnlraT9emYmxBzi.jpeg)
പാനക്കഞ്ഞിക്ക് ശേഷമായിരുന്നു ദേവിയുടെ പടപ്പുറപ്പാടായ വലിയ പാന എഴുന്നെള്ളിപ്പ്. വാദ്യകലാനിധി തിരുമറയൂർ ഗിരിജൻമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയായി. കുംഭ ചൂടിനെ വകവയ്ക്കാതെയെത്തിയ നൂറുകണക്കിന് ഭക്തർ ദേവിയുടെ പാന എഴുന്നള്ളിപ്പിൽ പങ്കെടുത്ത് മടങ്ങി. പാന മഹോത്സവത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് പാനപ്പുരയിൽ നടക്കുന്ന വലിയ ഗുരുതിയോടെ പാനക്കാർ പിരിഞ്ഞു. വൈകിട്ട് ദീപാരാധനയെ തുടർന്നു് ദേവിയെ കീഴ്ക്കാവിലേയ്ക്ക് എഴുന്നളളിച്ചു. തുടർന്ന് വൈകിട്ട് 7ന് ഒറ്റത്തൂക്കങ്ങൾ കാവിലെത്തി അമ്മയെ വണങ്ങി മടങ്ങി.
/sathyam/media/post_attachments/T4jXfuj88Ta8uMXvAkfq.jpeg)
ചെണ്ടയുടെ നാദഭംഗിയും പന്തത്തിന്റെ ശോഭയും ആർപ്പുവിളികളും കളമ്പൂരിന്റെ നാട്ടുവഴികളിൽ മുഴങ്ങുന്ന തൂക്കരാത്രി പകുതി പിന്നിടുന്നതോടെ ഗരുഡന്മാരുടെ വരവാകും. ചെണ്ടമേളത്തിന്റെ താളത്തിനൊത്തു പറന്നു നീങ്ങുന്ന ഗരുഡന്മാർ കാവിലെത്തി പയറ്റിപ്പറന്ന് അമ്മയെ വണങ്ങും. മുഴുവൻ ഗരുഡന്മാരും അണിനിരന്ന് പറന്ന് ഒരിക്കൽക്കൂടി കളമ്പൂക്കാവിലമ്മയെ തൊഴുതു മടങ്ങിയതോടെ കിഴക്കു വെള്ളകീറിയിരുന്നു.
/sathyam/media/post_attachments/xrLynguFVpPTmiV7zGiL.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us