തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ വി.പി.ജയരാജൻ മാസ്റ്റർ വിരമിക്കുന്നു

author-image
ജൂലി
Updated On
New Update

publive-image

തച്ചമ്പാറ :ശരിയായ ശിഷ്യരെ വാര്‍ത്തെടുക്കുന്നതിനായി എത്രയെത്ര പദ്ധതികളാണ് അധ്യാപകർ മനസ്സിൽ കാണുന്നത്. അധ്യാപനത്തിന്റെ അർഥവും പുണ്യവും പ്രൗഡമായ വ്യക്തിത്വത്തിലൂടെ കാണിച്ചുതന്ന,തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്‌കൂളിനെ നേട്ടങ്ങളിലേക്ക് നയിച്ച വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട വി.പി.ജയരാജൻമാഷ് 31 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്നും പടിയിറങ്ങുന്നു.
31 വർഷത്തിൽ 12 വർഷവും പ്രഥമ അധ്യാപകനായിരുന്നു.1991ൽ ഒരു ഗണിത അധ്യാപകനായി സർവ്വീസ്‌ തുടങ്ങി,സംഘടനാ പ്രവർത്തകൻ, അക്കാദമിക് പ്രവർത്തകൻ, അധ്യാപക പരിശീലകൻ ,ജില്ലാ ഗണിത ശാസ്ത്ര അസ്സോസിയേഷൻ സെക്രട്ടറി, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല എച്ച്എം ഫോറം സെകട്ടറി,പാലക്കാട് റവന്യൂ ജില്ലാ പ്രിൻസിപ്പൽ ഫോറം ചെയർമാൻ,സ്കൗട്ട് ആന്റ് ഗൈഡ് ജില്ലാ കമ്മീഷണർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

2010 മുതൽ സ്കൂളിലെ ഹെഡ്മാസ്റ്ററും 2016 മുതൽ പ്രിൻസിപ്പലും ആയി പ്രവർത്തിച്ചു വരുന്ന അദ്ദേഹം 2022 മെയ് 31 നാണ് വിരമിക്കുന്നത്.ജയരാജൻ മാഷിന്റെ സമർത്ഥമായ ഇടപെടലുകൾവഴി പാഠ്യ- പാഠ്യേതര വിഷയങ്ങളിൽമുൻപന്തിയിൽ പ്രവർത്തിക്കാനും വിജയം കൈവരിക്കാനും സ്‌കൂളിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നിരവധി തവണ കോങ്ങാട് മണ്ഡലത്തിലെ മികച്ച വിദ്യാലയമായി ദേശബന്ധു സ്കൂൾ തിരഞ്ഞടുക്കപ്പെട്ടു.കൂടാതെ സബ്ബ്ജില്ലാതല ശാസ്ത്ര പ്രവൃത്തിപരിചയ മേള,കലാമേള എന്നിവക്കും,റവന്യൂ ജില്ലാതല ശാസ്ത്ര പ്രവൃത്തിപരിചയ മേള,കലാമേള എന്നിവക്കും ദേശബന്ധു സ്കൂൾ ആതിഥ്യ മരുളി.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന്റെ കാലത്ത് കഴിഞ്ഞു.

ഒരു അധ്യാപകന്റെ ജോലി പ്രധാനമായും, മാർഗദർശി എന്ന നിലയിൽ കുട്ടികളെ പ്രചോദിപ്പിക്കുകയും അവരിലെ സ്വീകാര്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്.
ജനകീയ പദ്ധതിയായ സോളാർ പ്രോജക്ട്, സാമൂഹിക പ്രസക്തിയുള്ള മഹാത്മജി,സി.ആർ. ദാസ് എന്നിവരുടെ പ്രതിമ അനാച്ഛാദനം,സ്കൂൾ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ജനകീയ ഇടപെടലോടെയുള്ള ഊട്ടുപുര നിർമ്മാണം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ജനകീയ പദ്ധതിയായ സ്കൂൾ സ്പോർട്ട്സ് അക്കാദമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും കഴിഞ്ഞു. എസ് എസ് എൽ സി വിജയശതമാനം കുറഞ്ഞ വിദ്യാലയങ്ങളിൽ ( അഡോപ്റ്റ്ട് സ്കൂൾസ് ) റിസൾട്ട് വർദ്ധിപ്പിക്കുന്നതിന് നേതൃത്വം നല്കിയതിനാൽ,ജില്ലയിൽ വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക പ്രശംസ ലഭിച്ചിരുന്നു.

2014 ൽ ഗുരുശ്രേഷ്ഠ അവാർഡ്,2020 ൽ ദേശീയ അധ്യാപക അവാർഡിന് കേരളത്തിൽ നിന്നും നോമിനേഷൻ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ,വിജയശ്രീ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു.പാലക്കാട്ടെ സാമൂഹിക സാംസ്കാരിക മേഖലകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. സ്‌കൂളിനു ഉപകാരമുള്ള തരത്തിൽ,മികവ് സൃഷ്ടിക്കുന്നതിന് ഏറ്റവും സമർത്ഥരായ അദ്ധ്യാപകരുടെ
സജീവതയും സഹായവും തുണയായിട്ടുള്ളതായി മാഷ് ഹൃദയപൂർവം ഓർമിക്കുന്നു.
കുട്ടികളുടെ സർവ്വതോൻമുഖമായ കഴിവുകൾ കണ്ടെത്തി അതിന് വേണ്ട എല്ലാ പ്രോത്സാഹനവും നല്കുന്നതിൽ ശ്രദ്ധിച്ചിരുന്ന ഒരധ്യാപകനെയാണ് ജയരാജൻ മാസ്റ്റർ വിരമിക്കുന്നതിലൂടെ സ്കൂളിന് നഷ്ടമാകുന്നത്.ഡിജിറ്റൽ കാലത്ത് മാറിവരുന്ന പഠന-പാഠ്യരീതികള്‍ ഉള്‍ക്കൊള്ളാന്‍ അധ്യാപകർ സന്നദ്ധരാകണം. എല്ലാ കുട്ടികളെയും നല്ല ഗ്രേഡിലും ഗുണനിലവാരത്തിലും എത്തിക്കുക എന്നതാകണം, അധ്യാപന ലക്ഷ്യമെന്ന് യാത്രയയപ്പ് സന്ദേശത്തിൽ ജയരാജൻ മാസ്റ്റർ പറഞ്ഞു.

Advertisment