/sathyam/media/post_attachments/sltfYXHce3ij9SASpA43.jpeg)
മീനച്ചിൽ: കോട്ടയം ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും കേരള വനം-വന്യ ജീവി വകുപ്പിന് കീഴിലുള്ള സാമൂഹ്യ നവത്കരണ വിഭാഗവും സംയുക്തമായി കോട്ടയം ജില്ലയിലെ മീനച്ചിൽ നദീതട മേഖലകളിൽ നടത്തിയ തുമ്പികളെക്കുറിച്ചുള്ള സർവ്വേ പൂർത്തിയായി. മീനച്ചിലാറിന്റെ പരിസരങ്ങളിൽ തുമ്പികളുടെ സാന്ദ്രത വർദ്ധിച്ചു വരുന്നതായി പഠനസംഘം വിലയിരുത്തി. 32 ഇനം കല്ലൻ തുമ്പികളും (Dragon flies) 22 ഇനം സൂചിത്തുമ്പികളും (Damsel flies) ഉൾപ്പെടെ 54 ഇനം തുമ്പികളെയാണ് സർവ്വേയിലൂടെ കണ്ടെത്താനായത്. ഇത് മുൻവർഷത്തേതിനു സമാനമാണെങ്കിലും സാന്നിധ്യമറിയിച്ച തുമ്പികളുടെയെല്ലാം എണ്ണത്തിൽ വൻവർദ്ധനവ് കാണാനായി എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.
/sathyam/media/post_attachments/guNVh8LAMVC5BQBb1YmF.jpeg)
സാധാരണയായി കാണപ്പെടുന്ന ശലഭത്തുമ്പി (Common Picture wing), വയൽത്തുമ്പി (Rudy marsh & Immer), എന്നിവയെ വൻതോതിൽ കാണാനായി. സ്വാമിത്തുമ്പി (Pied Paddy Skittier), മകുടിവാലൻ തുമ്പി (Trumpet Tail), എന്നിവ നദിയുടെ തുടക്കം മുതൽ പതനം വരെയുള്ള എല്ലായിടത്തും ഉള്ളതായി കണ്ടെത്തി. മേലടുക്കം, മാർമല അരുവി മുതൽ, മീനച്ചിലാർ പതിക്കുന്ന മലരിക്കൽ പഴുക്കാനിലാക്കായൽ തുടങ്ങി പതിനൊന്നു കേന്ദ്രങ്ങളിലായി നടത്തിയ പഠനത്തിൽ മലിനീകരണത്തിന്റെ സൂചകമായും കാരണക്കാരായും കരുതുന്ന ചങ്ങാതിത്തുമ്പികളുടെ (Ditch Lewel) എണ്ണം കാര്യമായി കുറഞ്ഞതായി കാണാനായി. മീനച്ചിൽ നദീതടത്തിൽ ശുദ്ധജല പരിസ്ഥിതി രൂപപ്പെടുന്നതിന്റെ സൂചകമായി ഇതിനെ കരുതാമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
/sathyam/media/post_attachments/EgoGwbJp2l37JSjtaQjK.jpeg)
പുഴയോരത്ത് പാറി കളിക്കുന്ന തുമ്പികളോടൊപ്പം ചെലവഴിക്കുവാൻ വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നത് പുഴയുടേയും തുമ്പികളുടെയും സംരക്ഷണത്തിന് ഉപകരിക്കുമെന്നാണ് സംഘം പറഞ്ഞത്. ശുദ്ധ ജലാശയങ്ങളിൽ മാത്രം കണ്ടുവരുന്ന ചെറുപ്പൻ അരുവിയൻ (MalabarTorrent Dart), നീർമാണിക്യൻ (Stream Ruby), കരിമ്പൻ അരുവിയൻ (Black Torrent Dart) എന്നീയിനം തുമ്പികളെ ധാരാളമായി അടുക്കം, മാർമല ഭാഗങ്ങളിൽ കണ്ടു. പണ്ടൊക്കെ വടക്കൻ കേരളത്തിൽ മാത്രം ധാരാളമായി കണ്ടിരുന്ന മഞ്ഞക്കറുപ്പൻ, മുളവാലൻ (Black & Yellow bamboo rall) തുമ്പികളുടെ സാന്നിധ്യം വർധിച്ചു വരുന്നതായി കണ്ടു.
ഇത്തവണയും തുമ്പികളുടെ വൈവിധ്യം ഏറ്റവും അധികം കണ്ടത് കിടങ്ങൂർ പുന്നത്തറ ഭാഗത്താണ്. ഏറ്റവും കുറവ് ലഭിച്ചത് താഴത്തങ്ങാടി ഇല്ലിക്കൽ ഭാഗത്തുമാണ്. മീനച്ചിലാർ നഗരപാതയ്ക്കു സമാന്തരമായുള്ള സ്ഥലമാണ് ഇവിടം. സർവ്വേയ്ക്ക് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സാജു കെ.എ., സീനിയർ ഫോറസ്റ്റ് ഓഫീസർ അജിത് കുമാർ ആർ., ഡോ. കെ. എബ്രഹാം സാമുവേൽ, ഡോ. പി. എബ്രഹാം, ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, രഞ്ജിത്ത് ജേക്കബ് മാത്യൂസ്, ജയകുമാർ എം. എൻ., ടോണി ആന്റണി, ലേഖ സൂസൻ ജേക്കബ്, മോസസ് തോമസ്, മഞ്ജു മേരി മാത്യു, ഷിബി മോസസ്, ശരത് എൻ. ബാബു, തോമസ് യാക്കൂബ് എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us