/sathyam/media/post_attachments/MTvMULbcT7sPc9C36gIS.jpg)
കരിമ്പ: സ്ത്രീശാക്തീകരണത്തിന് അനുകൂലമായ മനോഭാവം വളര്‍ത്താനും,
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സമൂഹ മനസാക്ഷിയെ ഉണർത്താനും സ്ത്രീധന വിരുദ്ധ സന്ദേശങ്ങള്‍ സമൂഹത്തിലെത്തിക്കാനും ലക്ഷ്യമിട്ട് അണിയിച്ചൊരുക്കപ്പെട്ട സ്ത്രീശക്തി കലാജാഥക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ കരിമ്പ ഗവ. ഹൈസ്‌കൂളിൽ ആവേശ സ്വീകരണം നൽകി. കുടുംബശ്രീ ആരംഭിച്ച ‘സ്‌ത്രീപക്ഷ നവകേരളം’ ക്യാമ്പയിന്റെ ഭാഗമായായാണ് സ്‌ത്രീശക്തി കലാജാഥ.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും നൂറു കണക്കിന് സ്ത്രീകൾ നാടകം കാണാനെത്തി.
റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത 'പെണ്‍കാലം' നാടകവും കരിവെള്ളൂർ മുരളിയുടെ
'പാടുക ജീവിത ഗാഥകൾ' എന്നസംഗീത ശില്പവുമാണ് കരിമ്പയിൽ അരങ്ങേറിയത്.
ഒട്ടേറെ കലാജാഥകൾ പാകപ്പെടുത്തിയ സാംസ്‌കാരിക കേരളത്തിന്റെ വളക്കൂറുള്ള മണ്ണിലേക്ക് കുടുംബശ്രീയുടെ പെൺകൂട്ടം നാടകവും സംഗീതശിൽപ്പവും നാടുണർത്താൻ പര്യാപ്തമായി.
സ്ത്രീധനവും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്ത് കുടുംബശ്രീയുടെ ഭാഗമായ രംഗശ്രീ തിയേറ്റർ ഗ്രൂപ്പ് പാലക്കാട് ഒരുക്കിയ കലാജാഥ ജില്ലയിൽ എല്ലായിടത്തും അവതരിപ്പിക്കുന്നുണ്ടെന്നും സ്ത്രീകളിൽ നിന്നും വളരെ നല്ല പ്രോത്സാഹനം കിട്ടുന്നതായും
പ്രോഗ്രാം കോർഡിനേറ്റർ ഡാൻ.ജെ.വട്ടോളി ടീം ക്യാപ്റ്റൻ ലത മോഹൻ എന്നിവർ പറഞ്ഞു.
നീരജ, കാഞ്ചന,ഗീത,വിജയലക്ഷ്മി,സുമിത്ര, വത്സല,ശുഭ, മഞ്ജുള,ചൈതന്യ തുടങ്ങിയവരാണ് നാടകത്തിൽ വേഷമിട്ടത്. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സ്ത്രീധനത്തിനെതിരായ സന്ദേശം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ മുഖ്യ ലക്ഷ്യം.മാർച്ച് 18ന് പത്തിരിപ്പാലയിൽ കലാജാഥ സമാപിക്കും. കരിമ്പയിലെ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ജയ വിജയൻ അധ്യക്ഷയായി.കുടുംബശ്രീ അംഗങ്ങളും ജന പ്രതിനിധികളും സന്നിഹിതരായി.കുടുംബശ്രീ ചെയർപേഴ്സൺ ശ്രീജ ചന്ദ്രൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ മേഴ്‌സിജോസഫ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us