ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയ്ക്ക് കാലടിയിൽ ഉജ്ജ്വലവരവേല്പ് ; ശങ്കരപുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് അമ്മയോടും ചേച്ചിയോടുമൊപ്പം

author-image
ജൂലി
Updated On
New Update

publive-image

കാലടി: ലോക ചാമ്പ്യൻഷിപ്പിൽ ചെസ്സിലെ അതികായനായ മാഗ്നസ് കാൾസനെ 39 നീക്കങ്ങളിലൂടെ അടിയറവു പറയിച്ച് ലോകശ്രദ്ധ നേടിയ പതിനാറുകാരനായ പ്രഗ്നാനന്ദ എന്ന തമിഴ്നാട്ടുകാരനായ ഗ്രാൻഡ്മാസ്റ്ററെ കാണാൻ വിദ്യാർഥികളടക്കം വൻജനാവലിയുണ്ടായിരുന്നു വ്യാഴാഴ്ച കാലടിയിൽ. ചെന്നൈയിൽ നിന്നും അമ്മയോടും ചേച്ചിയോടുമൊപ്പം രാവിലെ പത്തരയോടെ കാലടിയിലെത്തിയ ഗ്രാൻഡ്മാസ്റ്റർക്ക് ഉജ്ജ്വലവരവേല്പാണ് കാലടിയിൽ ഒരുക്കിയത്. കാലടി ആദിശങ്കര ട്രസ്റ്റും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയും ശ്രീശാരദാവിദ്യാലയവും സംയുക്തമായി ഏർപ്പെടുത്തിയ ഈ വർഷത്തെ ശങ്കരപുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ. ഒരുലക്ഷം രൂപയും ഫലകവും അടങ്ങിയ പുരസ്‌കാരം ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദിൽ നിന്നും എറ്റുവാങ്ങിയശേഷം കുട്ടികളോടായി ഗ്രാൻഡ്മാസ്റ്റർ ഇങ്ങനെ പറഞ്ഞു. കുട്ടികളായ നമ്മൾ, ചെയ്യുന്നതെല്ലാം ആസ്വദിച്ചു ചെയ്യണം.

Advertisment

publive-image

ലക്ഷ്യം കൈവരിയ്ക്കാൻ നിങ്ങളിലെ ഏറ്റവും മികച്ചതെല്ലാം അതിനായി നല്കണം. അപ്പോൾ മാത്രമെ പ്രതീക്ഷിച്ച വിജയമുണ്ടാകൂ. തുടർച്ചയായി മൂന്നു മത്സരങ്ങൾ ജയിച്ചെത്തിയ മാഗ്നസ് കാൾസനുമായുള്ള മത്സരത്തിനുവേണ്ടി സവിശേഷമായ തയ്യാറെടുപ്പുകളൊന്നും താൻ നടത്തിയിരുന്നില്ലെന്ന് വാർത്താലേഖകരുടെ ചോദ്യത്തിനുത്തരമായി പ്രഗ്നാനന്ദ പറഞ്ഞു. അന്നു കളിച്ച നാലാമത്തെ ഗെയിമായിരുന്നു അത്. അതുകൊണ്ടുതന്നെ ആ കളിയ്ക്കായി പ്രത്യേകം തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല. കളി മെച്ചപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജീവിതലക്ഷ്യം. ഒരു ദിവസം ഏഴ്, എട്ടു മണിക്കൂറാണ് ചെസ്സ് പരിശീലനത്തിനായി മാറ്റിവയ്ക്കുന്നത്. പഠനത്തിലല്ല, ചെസ്സിലാണ് പ്രധാന ശ്രദ്ധ ഇപ്പോൾ കേന്ദ്രീകരിയ്ക്കുന്നത്. സഹോദരി വൈശാലിയും മികച്ച ചെസ്സ് കളിക്കാരിയായതുകൊണ്ട് വീട്ടിൽത്തന്നെ കളി മെച്ചപ്പെടുത്താനുള്ള പരസ്പര ചർച്ചകൾ നിരന്തരം നടക്കുന്നുണ്ട്.

publive-image

ഗ്രാൻഡ്മാസ്റ്ററാകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് വൈശാലിയും ഇപ്പോൾ. ബാങ്ക് ജീവനക്കാരനായ അച്ഛൻ രമേഷ് ബാബുവും അമ്മ നാഗലക്ഷ്മിയും ആണ് എന്റെയും ചേച്ചിയുടെയും പിൻബലം. വീട്ടിൽ ഒരു ഗ്രാൻഡ്മാസ്റ്റർ ഉള്ളത് എന്തുകൊണ്ടും വലിയ കാര്യമാണെന്ന് വൈശാലിയും പറഞ്ഞു. എന്നാൽകളി മാത്രമല്ല, ഇടയ്ക്കൊക്കെ ഞങ്ങൾ രണ്ടുപേരും തമ്മിൽ പിണക്കവും അടിപിടിയുമൊക്കെ പതിവാണെന്നും ഗ്രാൻഡ്മാസ്റ്റർ വെളിപ്പെടുത്തി. 2018-ലെ പ്രളയകാലത്ത് കേരളത്തിന് പതിനായിരം രൂപ ധനസഹായം നൽകിയിരുന്നു ഈ അനിയനും ചേച്ചിയും. ഗ്രാൻഡ്മാസ്റ്ററിനും ഇന്റർനാഷണൽ മാസ്റ്ററായ ചേച്ചിയ്ക്കും ശ്രീശാരദാവിദ്യാലയത്തിന്റെ പ്രത്യേക ഉപഹാരം ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കർ സമ്മാനിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കേരളത്തെ സഹായിച്ചതിനുള്ള നന്ദിപ്രകാശനമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാരദാവിദ്യാലയം സീനിയർ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു.

publive-image

Advertisment