ലോക വനദിനത്തിൽ മലയാറ്റൂരിലെ മരമുത്തച്ഛനാദരം

author-image
ജൂലി
Updated On
New Update

publive-image

കാലടി: കേരള വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിൽ മുളങ്കുഴിയിലെ പ്രകൃതിരമണീയമായ മഹാഗണി തോട്ടം. ഇവിടെ ഏറെ പ്രായം ചെന്നൊരു ആഞ്ഞിലി മുത്തച്ഛൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കൊടും തണുപ്പും വരൾച്ചയും തണുപ്പുമൊക്കെ സഹിച്ച് കണ്ണെത്താ ഉയരത്തിൽ വളർന്നു നിൽക്കുന്ന കരുത്തനായ വയസ്സൻ മുത്തച്ഛൻ. തിങ്കളാഴ്ച ലോക വനദിനത്തിൽ തൊട്ടടുത്ത മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലെ സ്കൗട്ടുകളും ഗൈഡുകളുമടങ്ങുന്ന കുട്ടികൾ ഈ വൃക്ഷമുത്തച്ഛനെ കാണാനെത്തി. അവർക്കൊപ്പം മലയാറ്റൂർ എവർഗ്രീൻ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വൃക്ഷരാജാവായ ആഞ്ഞിലിയ്ക്ക് അർപ്പിയ്ക്കാൻ പുഷ്പങ്ങളും അണിയിക്കാൻ പൊന്നാടയും അവർ കൈയ്യിൽ കരുതിയിരുന്നു.

Advertisment

കുട്ടികൾക്കായി മഹാഗണിത്തോട്ടത്തിലേയ്ക്ക് ഒരു പ്രകൃതി പഠനയാത്ര നടത്തുകയായിരുന്നു വനം വകുപ്പ്. ആഞ്ഞിലി മുത്തച്ഛനെ യഥോചിതം ആദരിച്ച ശേഷം വനദിനാചരണത്തിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ജയേഷ്‌ ജോസഫ് നിർവ്വഹിച്ചു. മരം ഒരു വരം എന്ന ചിന്ത കുട്ടികൾക്കു പകർന്നു നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. വനങ്ങൾ മനുഷ്യർക്ക് എങ്ങനെ പ്രയോജനപ്പെടുന്നുവെന്നതിനെക്കുറിച്ചും ഓരോ മരത്തിന്റെയും വേരുകൾ, വിത്ത്, ഇലകൾ എന്നിവയുടെ ജീവശാസ്ത്രപരമായ വളർച്ചാഘട്ടങ്ങളെപ്പറ്റിയും വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ.

സ്കൗട്ടുകളും ഗൈഡുകളും വൃക്ഷമുത്തച്ഛനെ പുണർന്ന് തങ്ങളുടെ സ്നേഹമറിയിച്ചു. പുഷ്പവൃഷി നടത്തി. വനം വകുപ്പുദ്യോഗസ്ഥർ പൊന്നാട ചാർത്തി. ജേക്കബ് ബെർളി, നവീൻ രാജ് പണ്ടാല, മാനസി കെ. വാസ്, ഇസ്സ ടോം എന്നിവർ സംസാരിച്ചു. ജെന്നിഫർ ഷാജു വനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് അംഗങ്ങളായ ഇ.ഡി. പോളച്ചൻ, സനിൽ പി. തോമസ്, ടോണി പോൾ, റിയാമോൾ ജോൺ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി .

Advertisment