പശുക്കളുടെ തോഴൻ നടൻ ജയറാമിന് ജന്മനാട്ടിൽ സ്‌നേഹാദരം

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

പെരുമ്പാവൂർ: അഭിനയ രംഗത്തെ മികവിനൊപ്പം കാര്‍ഷികരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവച്ച് സംസ്ഥാന സർക്കാരിന്റെ 2021-ലെ കർഷപുരസ്കാരത്തിനർഹനായ നടൻ ജയറാമിന് നാട്ടുകാരുടെ സ്നേഹാദരം. കോടനാട് സർവ്വീസ് സഹകരണ ബാങ്ക് താരത്തെ ആദരിക്കുകയും മെമ്പർഷിപ്പ് നൽകുകയും ചെയ്തു. സിനിമയ്ക്കു പുറമെ ആന പരിപാലനത്തിലും ചെണ്ടയിലും ജയറാമിനുള്ള കമ്പം പണ്ടേ പ്രസിദ്ധമാണ്. എന്നാൽ അധികമാർക്കും അറിയാതിരുന്ന ജയറാമിന്റെ താത്പര്യങ്ങളിൽ ഒന്നാണ് പശുപരിപാലനം. പെരുമ്പാവൂർ തോട്ടുവ പെരിയാർ തീരത്തിനോടടുത്ത് മംഗലഭാരതി ആശ്രമത്തിനോട് ചേർന്നുള്ള ജയറാമിന്റെ ആനന്ദ് ഫാംസ് അക്ഷരാർത്ഥത്തിൽ ഗോശാല തന്നെയാണ്. മുത്തശ്ശി ആനന്ദവല്ലിയമ്മാളിന്റെ പേരുതന്നെ ജയറാം ഫാമിനിട്ടു. പന്ത്രണ്ട് വർഷംമുമ്പ് അഞ്ചു പശുക്കളുമായി തുടങ്ങിയ സംരംഭം.

Advertisment

ആറേക്കറോളം പുരയിടത്തിൽ നൂറോളം പശുക്കളെ കെട്ടിയിട്ടു വളർത്താതെ അഴിച്ചുവിട്ട് കരുതലോടെ പരിപാലിയ്ക്കുന്നതിൽ ജയറാം ബദ്ധശ്രദ്ധനാണ്. വെച്ചൂര്‍, ജഴ്സി പശുക്കളും ഫാമില്‍ വളരുന്നു. എച്. എഫ് ഇനം പശുക്കളാണ് കൂടുതല്‍. ഗംഗ, യമുന തുടങ്ങി നദികളുടെ പേരുകളാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. ക്ഷീരമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യം കൂടി ജയറാമിനുണ്ട്. പഴവർഗ്ഗങ്ങൾ, തെങ്ങ്, ജാതി, വാഴ, തീറ്റപ്പുല്ല് എന്നിവയ്ക്ക് പുറമെ നെൽകൃഷിയും പരീക്ഷിക്കുന്നുണ്ട്.

publive-image

ക്ഷീര സംരംഭകരിലേക്ക് സർക്കാർ പദ്ധതികൾ വേ​ഗത്തിലെത്തിക്കാൻ ‘ഡയറി നെക്സ്റ്റ്’ എന്ന സെമിനാർ പരമ്പരയുമായി കാലിത്തീറ്റ നിർമ്മാതാക്കളായ കേരള ഫീഡ്സ് മുന്നിട്ടിറങ്ങി തിരുവന്തപുരം ആനയറയിലെ കർഷകഭവനം-സമേതിയിൽ ഈ മാസം 23ന് ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കമ്പനി ബ്രാൻഡ് അംബാസഡറും ഡയറി സംരംഭകനുമായ ജയറാമും എത്തുന്നുണ്ട്. കോടനാട് സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി, സിപിഎം ലോക്കൽ സെക്രട്ടറി ഒ.ഡി. അനിൽ, വാർഡ് മെമ്പർ ബിന്ദു കൃഷ്ണകുമാർ, ബോർഡ് മെമ്പർമാരായ പി. കെ. പരമേശ്വരൻ, മുരളി ജി., ടി.എസ്‌. സുധീഷ്, പി.എ. സന്തോഷ്കുമാർ, ഇ.പി. ബാബു, ഓമന ശശി, സുമ ഉദയൻ, സെക്രട്ടറി നീതു ജി. കൃഷ്ണൻ, കെ.എ. ജയനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment