ഉമിച്ചാരത്തിൽ നിന്നും ഇഷ്ടിക, സിലിയ്ക്ക നിർമ്മാണം ; കാലടിയിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾ ഗവേഷണത്തിൽ

author-image
ജൂലി
Updated On
New Update

publive-image

കാലടി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ടെക്‌നോളജിയിലെ ഗവേഷണത്വരയുള്ള ഒരുകൂട്ടം സിവിൽ വിദ്യാർത്ഥികൾ പുതിയൊരു ഗവേഷണത്തിന്റെ തിരക്കുകളിൽ ആണ്. അരി മിൽ ഫാക്ടറികൾക്ക് പേരുകേട്ട നാടായ കാലടിയിലെയും പരിസരങ്ങളിലെയും മില്ലുകളുടെ മാലിന്യാവശിഷ്ടമായ ഉമിച്ചാരത്തിൽ നിന്നും ഇഷ്ടികയും സിലിക്കയും നിർമ്മിയ്ക്കാമെന്ന പ്രാഥമിക കണ്ടെത്തലിൽ എത്തിച്ചേർന്നിരിക്കുകയാണ് ഇവർ. സർവ്വകലാശാലകളും വിവിധ വ്യവസായ സ്ഥാപനങ്ങളും സഹകരിച്ചു നടത്തുന്ന ഗവേഷണ പ്രവർത്തനത്തിന്റെ ഭാഗമായാണ് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ടെക്‌നോളജിയിൽ ഇത്തരമൊരു ഗവേഷണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

Advertisment

കാലടി റൈസ് മില്ലേഴ്സ് കൺസോർഷ്യം ഇതിനായി ധനസഹായം നൽകുന്നുണ്ട്. ഇതിന്റെ ആദ്യഘട്ട തുക കോളജിന് കൈമാറി. വ്യവസായ വകുപ്പു മന്ത്രി പി രാജീവ്, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. എസ്. രാജശ്രീയ്ക്ക് മന്ത്രി ചെക്ക് കൈമാറി. കൺസോർഷ്യം മാനേജിംഗ് ഡയറക്ടർ എൻ.പി. ആന്റണി, വ്യവസായ വകുപ്പ് ഡയറക്ടർ ഹരി കിഷോർ ഐ. എ.എസ്., ആദിശങ്കര എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. സുരേഷ്കുമാർ, സിവിൽ വിഭാഗം മേധാവി പ്രൊഫ. പി. സി. അനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കാലടിയുടെ പരിസരങ്ങളിലെ അരിമിൽ കമ്പനികളിലെ മാലിന്യമായ ഉമിച്ചാരം വൻതോതിൽ കുമിഞ്ഞുകൂടുന്ന ഒരവസ്ഥ ഈ മേഖലകളിൽ ഇപ്പോഴുണ്ട്. ഇത്തരമൊരു നൂതന ഗവേഷണ പദ്ധതി ഫലം കാണുന്നതോടെ മാലിന്യസംസ്കരണത്തിനുള്ള വഴിതെളിയും എന്നതൊരു നേട്ടമാണ്. മാത്രമല്ല നിർമ്മാണ മേഖലയ്ക്ക് ചുരുങ്ങിയ ചെലവിൽ ഉറപ്പേറിയ ഇഷ്ടികക്കട്ടകൾ നിർമ്മിച്ചു നൽകുവാനും സാധിയ്ക്കും. കാലടി റൈസ് മില്ലേഴ്സ് കൺസോർഷ്യത്തിനുവേണ്ടി ആദിശങ്കരയിലെ ഗവേഷണ വിഭാഗം ഇത്തരത്തിലുള്ള വ്യത്യസ്തമായ ഗവേഷണ പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ബയോ ഡിഗ്രേഡബിൾ അല്ലാത്ത ഉമിച്ചാരത്തെ റീസൈക്കിൾ ചെയ്ത് പുതിയ ഉത്പന്നങ്ങളാക്കി മാറ്റുന്ന മറ്റൊരു പദ്ധതിയും ആവിഷ്കരിയ്ക്കുന്നുണ്ട്.

Advertisment