/sathyam/media/post_attachments/9BHVxzFPxnm4eTKzU3Yn.jpeg)
രാമപുരം: സ്ത്രീവേഷമണിഞ്ഞ് കഥകളിപ്രേമികളുടെ മനംകവരാനുള്ള തയ്യാറെടുപ്പിലാണ് കോട്ടയം മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് മനയിലെ ബാബു നമ്പൂതിരി എന്ന മലയാളികളുടെ പ്രിയപ്പെട്ട നടൻ. സ്വഭാവ വേഷങ്ങളിലൂടെ മലയാള സിനിമയിൽ അഭിനയ വഴക്കത്തോടെ തന്റേതായ ഇടം സ്വന്തമാക്കിയ കെ. എൻ. നീലകണ്ഠൻ നമ്പൂതിരിയെന്ന ബാബു നമ്പൂതിരി നാല്പതു വർഷമായി മലയാള സിനിമയോടൊപ്പമുണ്ട്. അഭിനയ വഴികളുടെ ആദ്യകാലത്തുണ്ടായിരുന്ന കഥകളി അഭിനയഭ്രമത്തിലാണ് ബാബു നമ്പൂതിരി ഇപ്പോൾ. സിനിമാ തിരക്കുകളൊഴിയുമ്പോൾ കളിയരങ്ങിൽ വേഷമണിയുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് ഈയടുത്തകാലത്തായി ഇദ്ദേഹം.
/sathyam/media/post_attachments/av158B6NbB8vG6LofAf5.jpeg)
നാലരപ്പതിറ്റാണ്ടിനു ശേഷം 2021-ൽ ആയിരുന്നു കർണ്ണശപഥം ആട്ടക്കഥയിലെ കുന്തിയുടെ വേഷം അരങ്ങിൽ അവതരിപ്പിച്ചത്. സ്വന്തം നാടായ കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ അരങ്ങിലായിരുന്നു അത്. കലാമണ്ഡലം സി.ആർ.ആർ.നമ്പൂതിരിയുടെകീഴിൽ കഥകളി അഭ്യസിച്ച ബാബു നമ്പൂതിരി എഴുപതുകളുടെ മധ്യത്തിലാണ് അരങ്ങേറ്റം കുറിച്ചത്. നാലമ്പലങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇത്തവണ കർണ്ണശപഥം കഥകളിയുണ്ട്. വേഷമണിയുന്നവരുടെ കൂട്ടത്തിൽ കുന്തിയായി വരുന്നത് ബാബു നമ്പൂതിരി തന്നെ. ഉത്സവത്തിന്റെ ആറാം ദിവസമായ മാർച്ച് 26 ശനിയാഴ്ച വൈകിട്ട് 7-നാണ് കര്‍ണ്ണശപഥം അരങ്ങേറുന്നത്.
/sathyam/media/post_attachments/s5qV3WF1sAPxSgoxLfaU.jpeg)
കര്‍ണ്ണനായിട്ട് മയ്യനാട് രാജീവന്‍ നമ്പൂതിരി വേഷമണിയും. കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരിയും, ഏറ്റിക്കട രാമന്‍ നമ്പൂതിരിയും പാട്ട് അവതരിപ്പിക്കും. ചെണ്ട കിടങ്ങൂര്‍ രാജേഷും, മദ്ദളം മാര്‍ഗ്ഗി നാരായണന്‍ നമ്പൂതിരിയും, ചുട്ടി കലാനിലയം ബിജേഷുമാണ്. വാരനാട് ശ്രീമൂകാംബികാദേവി കഥകളിയോഗത്തിന്റേതാണ് രാമപുരത്തെ കർണ്ണശപഥം. കഥകളിയിലെ പുതിയ കഥകളില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച കഥയാണ് കര്‍ണ്ണശപഥം. രവീന്ദ്രനാഥടാഗോറിന്റെ കര്‍ണ്ണനും കുന്തിയും എന്ന ഏകാങ്ക നാടകം കര്‍ണ്ണശപഥം എന്ന പേരില്‍ കഥകളി രൂപം നല്‍കിയത് പ്രശസ്ത ബാല സാഹിത്യകാരനായ മാലി മാധവന്‍ നായരാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us