കോടനാട്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പോലീസ് സേനയുടെ സന്മനസ്സിനെക്കുറിച്ചാണ് പെരുമ്പാവൂരിനടുത്ത് കോടനാട് പോലീസ് സ്റ്റേഷനിൽ നിന്നും പറയാനുള്ളത്. വാടക വീട്ടിൽ കഴിഞ്ഞ നിർദ്ധന കുടുംബത്തിന് കൈത്താങ്ങായി മാറുകയായിരുന്നു കോടനാട് പോലീസ്. ക്യാൻസർ ബാധിതനായിരുന്ന കുറിച്ചിലക്കോട് സ്വദേശി സതീശന്റെ കുടുംബത്തിനാണ് വീടു നിർമ്മിച്ച് നൽകി കോടനാട് പോലീസ് മാതൃകയായത്. സതീശൻ ലോകത്തോട് വിടപറഞ്ഞെങ്കിലും അമ്മയും, ഭാര്യയും, 2 പെൺമക്കളും അടങ്ങുന്ന കുടുംബം അങ്ങനെ പോലീസിന്റെ കരുതലിൽ സുരക്ഷിതരായി. ഒക്ടോബറിലായിരുന്നു അസുഖം മൂർച്ഛിച്ച് സതീശന്റെ മരണം. 700 ചതുരശ്ര അടിയിൽ 2 മുറി, അടുക്കള, ഹാൾ, സിറ്റൗട്ട് എന്നിവ അടങ്ങുന്നതാണ് വീട്.
ഏപ്രിൽ 4 തിങ്കളാഴ്ച്ച രാവിലെ 11ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്. വീടിന്റെ താക്കോൽ ദാനം നിർവ്വഹിക്കും. സതീശന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട്. അസുഖം മൂലം ജോലിക്കു പോകാനും കഴിയാത്ത അവസ്ഥയായിരുന്നു. സതീശന്റെ കുടുംബത്തിന്റെ ദുരവസ്ഥ കാലടിയിലെ ന്യൂസ് വിഷൻ എന്ന പ്രാദേശിക ഓൺലൈൻ ന്യൂസ് മീഡിയയിൽ വാർത്തയായി വന്നതോടെയാണ് പോലീസ് അധികാരികളുടെ ശ്രദ്ധ പതിഞ്ഞത്. ഇതേത്തുടർന്ന് കോടനാട് എസ്.എച്ച്.ഒ. സജി മാർക്കോസ് ഇവർക്ക് വീട് നിർമിച്ചു നൽകാൻ മുമ്പോട്ടു വരികയായിരുന്നു.
സജി മാർക്കോസ് ഈ കുടുംബത്തിന്റെ കാര്യങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ മുമ്പിൽ അവതരിപ്പിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. എസ്.പി. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതോടെ വീടിന്റെ നിർമ്മാണം വളരെ പെട്ടെന്ന് തന്നെ പൂർത്തിയാകുകയായിരുന്നു. 5 സെന്റ് സ്ഥലം ഇവർക്ക് ഉണ്ടായിരുന്നെങ്കിലും സതീശന്റെ അസുഖത്തിന്റെ ഭീമമായ ചെലവ് മൂലമാണ് സ്വന്തമായി ഒരു വീടെന്ന സ്വപ്‍നം യാഥാർത്ഥ്യമാകാതെ പോയത്. ഇനി 2 പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് അടച്ചുറപ്പുളള വീട്ടിൽ കഴിയാം. ഇതിനു സാക്ഷിയാകാൻ തങ്ങളുടെ അച്ഛനില്ലെന്ന ദുഃഖം മാത്രം ബാക്കിയാകുകയാണപ്പോഴും.