നെന്മാറ: കേരളത്തിന്റെ നെല്ലറയും ഗ്രാമീണചിന്തകൾ കാത്തു സൂക്ഷിക്കുന്ന ജില്ലയുമാണ് പാലക്കാട്. ഏതു ഋതു ഭേദങ്ങളിലും പാലക്കാടിന്റെ പ്രകൃതിയ്ക്ക് ഒരു പ്രത്യേക മനോഹാരിതയാണ്. പാലക്കാടു ജില്ലയിൽ ഏറ്റവും ഭംഗിയേറിയ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങൾ ചേരുന്ന കുടകരനാട്. പൂർവ്വകാല നന്മകളെ എന്നും ആചരിക്കുന്ന നാടാണ് കുടകരനാട്. മലയാളമാസം മീനം ഒന്ന് മുതൽ ഇരുപത് വരെ നെന്മാറ-വല്ലങ്ങി ദേശക്കാർക്ക് ഉത്സവങ്ങളുടെ ദിനരാത്രങ്ങളാണ്. ദേശത്തിന്റെ ദേവതയായ നെല്ലിക്കുളങ്ങര ഭഗവതിയെ വണങ്ങുന്ന വേലക്കാലം പൂരങ്ങളുടെ പൂരം എന്ന് തൃശൂർ പൂരത്തെ പറയുന്നത് പോലെ വേലകളുടെ വേലയാണ് നെന്മാറ-വല്ലങ്ങി വേല.
മീനമാസം ഒന്നാം തീയതിയോടെ ദേശക്കാരെല്ലാം വേലപ്പെരുമയിൽ ഉണരും. ലോകത്തിന്റെ ഏതു ഭാഗത്തു താമസിച്ചാലും നെന്മാറ ദേശക്കാർ നാട്ടിലെത്തും. വേലയുടെ നിറവിൽ അവർ അവരെത്തന്നെ അടയാളപ്പെടുത്തുകയാണ്. അന്യദേശത്തു നിന്നും ആളും ആരവവും വേലക്കമ്പക്കാരും നെന്മാറയിൽ എത്തുകയായി. ഐതിഹ്യത്തിനപ്പുറം നിൽക്കുന്ന ഒരു സാംസ്കാരിക മഹത്ത്വം കൂടിയാണ് നെന്മാറ-വല്ലങ്ങി വേല. ആരോഗ്യകരമായ ഒരു മത്സരച്ചേലോടെ നെന്മാറ ദേശക്കാർ വേലയുടെ ചുമതലകൾ ഏറ്റെടുക്കും. നെന്മാറ ദേശത്തിന്റെ വേലപ്പകർച്ചകൾ മന്നം മൂലസ്ഥാനം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം എന്നി പ്രധാന സ്ഥലങ്ങളിലാണ് നടക്കുന്നത്.
ദേശാസ്ഥാനീയനായ മൂപ്പിൽ നായർ നെല്ലിക്കുളത്ത് മലയിൽ തപസ്സു ചെയ്തു നേടിക്കൊണ്ടു വന്ന സൗഭാഗ്യമാണ്, ഇവിടുത്തെ ദേവീസാന്നിദ്ധ്യം എന്നാണ് വിശ്വാസം. സംപ്രീതയായ ദേവി, മൂപ്പിൽ നായരുടെ അഭ്യർത്ഥന മാനിച്ചു ദേശത്തേക്കു വന്നു തന്റെ കുട, കരയിൽ വെച്ച് അടുത്തുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങി. കുളി കഴിഞ്ഞെത്തി കുട പൊക്കാൻ ശ്രമിച്ചെങ്കിലും അതു പൊക്കാൻ കഴിഞ്ഞില്ലത്രെ. പിന്നീട് ദേവപ്രശ്നം നടത്തിയപ്പോൾ ദേവീസാന്നിദ്യം ഉണ്ടെന്നും ദേവിയെ പ്രതിഷ്ഠിക്കണമെന്നും തീർപ്പായി. ആ പ്രേദേശമാണ് ഇപ്പോഴുത്ത മൂലസ്ഥാനം. മന്നതും വേട്ടയ്ക്കൊരുമകൻ സ്ഥാനത്തും ദേവീസാന്നിദ്ധ്യം പ്രസരിക്കുന്നുണ്ട്. മൂലസ്ഥാനത്തെ ദേവിയെ നെന്മാറ നെല്ലിക്കുളങ്ങരയിൽ പുനഃപ്രതിഷ്ഠിച്ചതണത്രെ. അതാണ് ഇപ്പോഴത്തെ നെല്ലിക്കുളങ്ങരെ ദേവിക്ഷേത്രം.
വല്ലങ്ങി ദേശത്തിന്റെ വേല തുടങ്ങുന്നത് ശിവക്ഷേത്രത്തിൽ നിന്നാണ്. പിന്നീട് പഞ്ചവാദ്യത്തോടെ മന്നത്തിൽ എത്തിച്ചേരുന്നു. തുടർന്ന് കുടമാറ്റം. പിന്നീട് ശ്രീകുരുംബ ഭഗവതിയെ പ്രാർത്ഥിച്ചു, നഗര പ്രദക്ഷിണം വച്ച് പണ്ടിമേളത്തോടെ പന്തലിൽ അണിനിരക്കുന്നു. പിന്നീട് കുടമാറ്റം. കുടമാറ്റത്തിനുശേഷം നെല്ലികുളത്തിയമ്മയെ ദർശിക്കാൻ കാവുകയറുകയും പ്രദക്ഷിണം വച്ച് ആൽത്തറയിൽ എത്തിച്ചേർന്ന് പ്രശസ്തമായ ആൽത്തറ മേളം അരങ്ങേറുകയും ചെയ്യുന്നു. കൂറയിടിൽ ചടങ്ങോടെയാണ് നെന്മാറ വേലക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് ഉള്ള ഇരുപത് ദിവസവും ദാരികനിഗ്രഹം (കളം) പാട്ടുണ്ടാകും. വനത്തിൽ വെച്ച് ദേവി ദാരികനെ എതിരിട്ടതിന്റെയും ഒടുവിൽ നിഗ്രഹിച്ചതിന്റെയും തുടർന്ന് നടന്ന ആഘോഷങ്ങളുടെയും ഓർമ്മയാണ് നെന്മാറ വേലയുടെ പൊരുൾ.
കണ്ണ്യാർകളിയും ഒൻപതാം നാളിലെ വലിയകുമ്മാട്ടിയും വേലയുടെ പ്രധാനചടങ്ങുകളാണ്. പത്താം ദിവസമാണ് കരിവേല നടക്കുന്നത്. മീനം പത്തൊമ്പതിനാണ് ആണ്ടിവേല നടക്കുന്നത്. മീനം ഇരുപതിന് പുലർച്ചെ അഞ്ചുമണിയോടെ വാളുകടയൽ എന്ന ചടങ്ങോടെയാണ് നെന്മാറ വേല തുടങ്ങുന്നത്. വലിയോലവായന, കോലംകയറ്റൽ, പറയെഴുന്നള്ളത്ത്, ആണ്ടിപ്പാട്ട് എന്നിവയാണ് തുടർന്നുള്ള ചടങ്ങുകൾ, തിടമ്പ് ആവാഹനം കഴിഞ്ഞാൽ നെന്മാറ മന്നത്തെ നൂറുകണക്കിന് വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം ഭക്തരെ ഉത്സവലഹരിയിൽ ആറാടിയ്ക്കും. പതിനൊന്നു ഗജവീരന്മാർ അണിനിരക്കുന്ന ഘോഷയാത്ര മൂലസ്ഥാനത്തും വേട്ടക്കൊരുമകൻ കോവിലിലും ചെന്ന് ദർശനം നടത്തും. തുടർന്ന് നെന്മാറയുട വീഥികളിലൂടെ സഞ്ചരിച്ചു ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും.
ഇതേസമയത് തന്നെ വല്ലങ്ങി ദേശത്തു നിന്നും ഇതേപോലൊരു എഴുന്നള്ളിപ്പ് വന്നു ചേരും (നെന്മാറ വല്ലങ്ങി വേലകൾ ഒന്നിച്ചു കുടമാറ്റം നടക്കുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം) തുടർന്നാണ് ചെമ്പട കൊട്ടി നെല്ലിക്കുളങ്ങര ഭഗവതിക്ക് മുൻപിൽ കുടമാറ്റം നടക്കുന്നത്. ഏകദേശം നാലുമണിയോടെയാണ് നെന്മാറ-വല്ലങ്ങി ദേശക്കാരുടെ ആദ്യ വെടിക്കെട്ട് നടക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പാണ്ടിമേളവും, തായമ്പകയും പഞ്ചവാദ്യവും രാത്രിവരെ മുഴങ്ങും. പുലർച്ചെ മൂന്നു മുതൽ ആറുവരെ നടക്കുന്ന രണ്ടാമത്തെ വെടിക്കെട്ടും ചരിത്ര പ്രസിദ്ധമാണ്. വേലച്ചമയങ്ങളും, വെടിക്കെട്ടും ആചാരങ്ങളും കാണുവാനും പങ്കെടുക്കുവാനും അന്യ സംസ്ഥാനത്തു നിന്നുപോലും ഭക്തരെത്തുമെന്നതും നെന്മാറ വേലയുടെ ഒരു പ്രത്യേകതയാണ്. ഏകദേശം 25 ലക്ഷം പേരെങ്കിലും സമ്മേളിക്കുന്ന സുദിനമാണ് മീനം 20. താലപ്പൊലിയും കുടമാറ്റവും രണ്ടു ദേശങ്ങളുടെയും കമാനങ്ങളും ചമയങ്ങളും നെന്മാറ വേലയെ അതുല്യ സുന്ദരമാക്കുന്നു. കൊടകര നാടിന്റെ ഈ ഉത്സവം സാംസ്‌കാരിക കേരളത്തിന്റെ മഹോത്സവം തന്നെയാണ്. ഏപ്രിൽ 3 ഞായറാഴ്ചയാണ് ഇത്തവണ വേല.