ശ്രീകൃഷ്ണപുരം:രുചിക്കൂട്ടുകളുടെ മാന്ത്രികൻ കരിമ്പുഴ ജയദേവൻ നെടുങ്ങാടി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ മുന്നിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം.സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടന്നു. ഭാര്യ: രാധ.മകൻ: രാമദാസ്.
പാചക കലയിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആഘോഷങ്ങൾക്ക് പാചകം നടത്തിയിരുന്ന ജയദേവൻ കരിമ്പുഴയിൽ സ്വന്തമായി കാറ്ററിങ്ങ് സർവീസും നടത്തിയിരുന്നു.ഓണക്കാലത്ത് ജയദേവൻ ഒരുക്കുന്ന ഓണ വിഭവങ്ങൾ വാങ്ങാൻ വിദൂരങ്ങളിൽ നിന്നു പോലും ആളുകളെത്തിയിരുന്നു നാടൻ ശൈലിയിലുള്ള ഭക്ഷണവിഭവ ങ്ങൾ അദ്ദേഹത്തിൻ്റെ പാചകത്തിൻ്റെ സവിശേഷതയായിരുന്നു.
അമ്മയിൽ നിന്നും ലഭിച്ച കൈ പുണ്യവും പാചകത്തിൻ്റെ രുചിക്കൂട്ടുമാണ് തൻ്റെ പാചകത്തിൻ്റെ വിജയരഹസ്യമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.ശുചിത്വം, കൃത്യനിഷ്ഠ തുടങ്ങിയവ അദ്ദേഹത്തിൻ്റെ കാറ്ററിങ്ങ് രംഗത്തെ സവിശേഷതകളായിരുന്നു.ഏറെ ശിഷ്യ സമ്പത്തുള്ള,നിരവധി പാചക മത്സരങ്ങളിൽ വിധികർത്താവായിരുന്ന ജയദേവൻ നെടുങ്ങാടിയുടെ കൈപുണ്യത്തിൻ്റെ രുചി ഇനി ഓർമകളിൽമാത്രമെന്നും ഒരു സഹൃദയനെ കൂടി നഷ്ടപ്പെട്ടതായും സുഹൃത്തുക്കൾ അനുസ്മരിച്ചു.