/sathyam/media/post_attachments/kmKfZORuNCLvs8Tw3NGu.jpeg)
വൈക്കം: കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് പ്രസിദ്ധമായ വടയാർ ആറ്റുവേല ഇന്ന് നടക്കും. വടയാർ മേജർ ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ജലോത്സവമാണ് ആറ്റുവേല. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തുകൂടി
കിഴക്കു പടിഞ്ഞാറായി ഒഴുകുന്ന മുവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുവേല നടക്കുന്നത്. ഐതിഹ്യ പെരുമയും ആചാരത്തനിമയും ആണ് ഇളങ്കാവ് ആറ്റുവേല ജലോത്സവത്തെ വ്യത്യസ്തമാക്കുന്നത്. പഴയ വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതി നാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗം എത്തുന്നുവെന്നാണ് ആറ്റുവേലയുമായി ബന്ധപ്പെട്ട ഐതിഹ്യം. ദക്ഷിണ ഭാരതത്തിലെ തന്നെ പകരം വയ്ക്കാൻ ഇല്ലാത്ത ഉത്സവമാണ് ആറ്റുവേല.
/sathyam/media/post_attachments/TGSs9kxHRwjpqHuMdioa.jpeg)
ആറ്റുവേലച്ചാട് നിർമിക്കുന്നതിന് ദേശക്കാരായ ചിലർക്ക് മഹാരാജാവിന്റെ കാലത്ത് കരമൊഴിവായി ഭൂമിയും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു. ആറ്റുവേല എന്നറിയപ്പെടുന്ന ക്ഷേത്ര മാതൃക, രണ്ടു കൂറ്റൻ വള്ളങ്ങൾ കൂട്ടിക്കെട്ടിയുണ്ടാകുന്ന ചങ്ങാടം ആണ് പ്രധാന ആകർഷണം. ഇരട്ടച്ചങ്ങാടം അലങ്കരിച്ച് കൊടുങ്ങല്ലൂർ ദേവിയുടെ തിടമ്പുവച്ച് രാത്രിയിൽ മൂവാറ്റുപുഴ ആറിലൂടെ ആറ്റുവേലകടവിൽ നിന്നും ഇളങ്കാവ് ക്ഷേത്രം വരെ തുഴഞ്ഞ് കൊണ്ടുവരുന്ന വലിയൊരു ഘോഷയാത്രയാണ് വടയാർ ആറ്റുവേല. ഞായറാഴ്‌ച പുലർച്ചെയാണ് ആറ്റുവേല ദർശനം. മുവാറ്റുപുഴ ആറിന്റെ ഓളപ്പരപ്പിൽ താളമേള ലയവിന്യാസം ഒരുക്കി ആറ്റുവേലക്കടവിൽ എത്തുന്ന തൂക്കച്ചാടുകൾ ആറ്റുവേലയ്ക്ക് അകമ്പടിയേകും.
/sathyam/media/post_attachments/GFxlmzDyluES33DXgHUE.jpeg)
തൂക്കച്ചാടുകളിലെ ഗരുഡന്മാർ ആടിത്തിമർത്തുവരുന്ന കാഴ്ച കാണാൻ ഭക്തർ ആറിന്റെ ഇരു കരകളിലും നിറ ദീപം തെളിയിച്ച് കാത്തിരിക്കും. മീന മാസത്തിലെ അശ്വതി നാളിൽ രാത്രി 1.30 കഴിഞ്ഞ് സർവ്വാഭരണ വിഭൂഷിതയായ കൊടുങ്ങല്ലൂർ ഭഗവതിയെ മുകളിലത്തെ നിലയിൽ എഴുന്നള്ളിച്ച് ആറ്റുവേലക്കടവ് ക്ഷേത്രത്തിലെ പുറംകളത്തിൽ ഗുരുതി നടത്തി ഇളങ്കാവിലേക്കു പുറപ്പെടും. മുവാറ്റുപുഴ ആറിലൂടെ വട്ടം കറങ്ങി പുലർച്ചെ 4.30ഓടെ ക്ഷേത്ര കടവിൽ എത്തും. ക്ഷേത്ര മതിലിനു പുറത്ത് പ്രത്യേകം തയാറാക്കിയിട്ടുള്ള പള്ളിസ്രാമ്പിലേക്ക് ഭഗവതിയെ എഴുന്നള്ളിച്ച് ഗരുഡൻമാർ ചൂണ്ട കുത്തും. പീലിത്തൂക്കം, കരത്തൂക്കം എന്നിവ ഞായറാഴ്ച രാത്രി നടക്കും.
(ചിത്രങ്ങൾ: ആനന്ദ് നാരായണൻ)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us