ജീവനൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സിന്ധു പരാതിയുമായി ആര്‍ടിഒയെ കണ്ടിരുന്നു; മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട്: മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഓഫിസില്‍ സുഖമായി ജോലി ചെയാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് സിന്ധു വയനാട് ആര്‍ടിഒയോട് ആവശ്യപ്പെട്ടിരുന്നു.

ഓഫിസില്‍ ചേരിതിരിവ് ഉണ്ടെന്ന് സിന്ധു ഉള്‍പ്പെടെ അഞ്ച് പേരാണ് പരാതിപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു തനിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസ് വിശദീകരിക്കുന്നത്. സിന്ധു സഹപ്രവര്‍ത്തകര്‍ക്കെതിരായി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയുടെ വാദം. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞതെന്നും ബിനോദ് കൃഷ്ണ പറഞ്ഞിരുന്നു.

ഇന്നലെ രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. എന്നാല്‍ മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ നോബില്‍ പറഞ്ഞു.

ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമെന്നും തന്നെ ഒറ്റെപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞിരുന്നു.

ഇവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അവിവാഹിതയാണ്. ഒന്‍പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫിസില്‍ ജീവനക്കാരിയാണ്. പിതാവ്: ആഗസ്തി മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ് (പ്രോജക്ട് ഓഫിസര്‍, ഡബ്ല്യുഎസ്എസ്, മാനന്തവാടി), ഷൈനി, ബിന്ദു, നോബിള്‍.

Advertisment