മമ്മൂട്ടി നായകനായെത്തിയ ഭീഷ്മയിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൻ വൈറലാണ്. ഒടുവില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോയും ഏറെ ചർച്ച ചെയ്യപ്പെട്ടു.
ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയേയും രണ്ട് അകമ്പടി വാഹനങ്ങളെയും വെച്ച് ഷൂട്ട് ചെയ്ത ചാമ്പിക്കോ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ചിത്രീകരിച്ച വിഡിയോയാണിത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലേക്ക് പുതുതായി എത്തിയ കറുത്ത ഇന്നോവകളാണ് വൈറൽ വിഡിയോയിലുള്ളത്. മുഖ്യമന്ത്രിയുടെ വാഹനം പൊലീസിന്റെ രണ്ട് കറുത്ത ഇന്നോവകൾക്ക് നടുവിലേക്ക് പാർക്ക് ചെയ്ത ശേഷമാണ് ഭീഷ്മപർവ്വത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മൈക്കിളപ്പന്റെ വൈറൽ ഡയലോഗും വരുന്നത്.
വെളുത്ത ഇന്നോവയ്ക്ക് പകരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായി കറുത്ത ഇന്നോവ എത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൈക്കിളപ്പനായെത്തി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ വി ശിവന്‍കുട്ടിയും സിപിഐഎം നേതാവ് പി ജയരാജനുമടക്കം പങ്കുവച്ചിരുന്നു. കണ്ണൂരില്‍ നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും വിഡിയോയിലുള്ളത്.