കോഴിക്കോട്: ലൗജിഹാദ് അസംബന്ധമെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. തിരുവമ്പാടിയിലെ ലൗ ജിഹാദ് ആരോപണങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവനവന്റെ പല്ലിൽ കുത്തി മറ്റുള്ളവർക്ക് വാസനിക്കാൻ കൊടുക്കുന്നതിന് തുല്യമായിപ്പോയി തിരുവമ്പാടിയിൽ നടന്ന സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ്...
ലൗജിഹാദ് അസംബന്ധം
മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതൻമാർക്കിത് എന്തുപറ്റി? നാട്ടിലെ ആവേശ കമ്മിറ്റിക്കാർ പറയുന്നത്, മുൻപിൻ നോക്കാതെ എടുത്തുചാടി ഏറ്റെടുത്ത് സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ആരുശ്രമിച്ചാലും അത്യന്തം ദൗർഭാഗ്യകരമാണ്.
രണ്ട് പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വഇഷ്ട പ്രകാരം വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയല്ല ജോയ്സ്ന. ഷെജിൻ ജോയ്സ്നയെ അവരുടെ സമ്മദമില്ലാതെ തട്ടിക്കൊണ്ടു പോയതായിരുന്നെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചിന് പ്രസക്തി ഉണ്ടായേനെ. അവനവൻ്റെ പല്ലിൽ കുത്തി മറ്റുള്ളവർക്ക് വാസനിക്കാൻ കൊടുക്കുന്നതിന് തുല്യമായിപ്പോയി തിരുവമ്പാടിയിൽ നടന്ന സംഭവങ്ങൾ.
രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹ തീരുമാനത്തെ അഖിലലോക പ്രശ്നമാക്കി അവതരിപ്പിക്കുന്ന ശൈലി ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
എത്രയോ മുസ്ലിം പെൺക്കുട്ടികൾ സഹോദര മതസ്ഥരായ പുരുഷൻമാരുമൊത്ത് സ്വന്തം ആഗ്രഹ പ്രകാരം വിവാഹത്തിലേർപ്പെട്ടിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അതൊക്കെ തീർത്തും വ്യക്തിപരമായ വിഷയമായാണ് ബന്ധപ്പെട്ടവർ കണ്ടത്. അങ്ങിനെ പരിമിതപ്പെടുത്തി നിരീക്ഷിക്കേണ്ട പ്രശ്നമാണ് അനാവശ്യമായി പർവ്വതീകരിക്കപ്പെട്ടത്. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദം തകർക്കാനുള്ള ആയുധമാക്കി ചില ക്ഷുദ്രജീവികൾ അതിനെ ഉപയോഗിച്ചു. ഇത്തരക്കാരുടെ അസുഖം വേറെയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകും.
ഷെജിൻ-ജോയ്സ്ന വിഷയത്തിൽ DYFI പുറത്തിറക്കിയ പത്രക്കുറിപ്പ് കേരളത്തിൻ്റെ മതനിരപേക്ഷ ബോധം പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ്. മുൻ എം.എൽ.എ ജോർജ് എം തോമസ് പ്രകടിച്ച അഭിപ്രായമാണ് പാർട്ടി നിലപാട് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്. അദ്ദേഹം തന്നെ തൻ്റെ സംസാരത്തിൽ സംഭവിച്ച അബദ്ധം തിരുത്തി വ്യക്തത വരുത്തിയത് മറച്ചു വെച്ചുകൊണ്ടുള്ള കുപ്രചരണം സി.പി.ഐ എമ്മിനെ താറടിക്കാനാണ്.
അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിന് സന്ദർഭോചിതം തടയിട്ട ഡിവൈഎഫ്ഐക്ക് ഹൃദയാഭിവാദ്യങ്ങൾ. പ്രസ്താവനയുടെ പൂർണ്ണ രൂപമാണ് താഴെ.
"സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും;
ലവ് ജിഹാദ് ഒരു നിർമ്മിത കള്ളം": ഡിവൈഎഫ്ഐ
"ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്.
മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.
മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി
പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം.
സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ
ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണം. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് സഖാവ് ഷെജിനും ജോയ്‌സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവർക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നൽകും".