മാഹിയില്‍ കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സംഘടിപ്പിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

മാഹി: സാമൂഹ്യ പരിഷ്‌കരണത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ ഒരേ സമയം പോരാടിയ മഹാനായിരുന്നു കേളപ്പജിയെന്ന് പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ആര്‍.ശെല്‍വം. മാഹിയില്‍ കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്മയ്ക്കും ജാതി വിവേചനത്തിനുമെതിരെ അദ്ദേഗം വിശ്രമമില്ലാതെ പോരാടി. പേരിനോട് ചേര്‍ന്ന് ജാതി അടിസ്ഥാനത്തിലുള്ള വിശേഷണപദം എടുത്ത് മാറ്റിയ വ്യക്തിയാണ് അദ്ദേഹം. കേരള ഗാന്ധിയെന്ന് അറിയപ്പെടുന്ന അദ്ദേഹം സ്വാതന്ത്ര്യ സമര പോരാളിയെന്നതിലുപരി വിദ്യാഭ്യാസ വിചക്ഷണനും ഒരു മികച്ച മാധ്യമപ്രവര്‍ത്തകനുമായിരുന്നു.

Advertisment

publive-image

എല്ലാ വിഭാഗം ജനങ്ങളുടെയും തുല്ല്യതയ്ക്ക് വേണ്ടിയാണ് അദ്ദേഹം പോരാടിയത്. അദ്ദേഹത്തിന്റെ നേതൃപരമായ കഴിവും സാമൂഹ്യ വീക്ഷണവും വെളിവാക്കുന്നതായിരുന്നു വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹഹവും. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി മാതൃഭൂമി പത്രം ആരംഭിക്കാന്‍ മുന്‍കയ്യെടുത്ത അദ്ദേഹം ഏതാനും വര്‍ഷം അതിന്റെ എഡിറ്റര്‍ സ്ഥാനം വഹിക്കുകയും ചെയ്തു. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിക്കുന്നതിലും അദ്ദേഹം നിസ്തൂലമായ പങ്ക് വഹിച്ചു. കേരള സര്‍വ്വോദയ സംഘം, കേരള ഗാന്ധിസ്മാരക നിധി, കേരള സര്‍വ്വോദയ മണ്ഡല്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങി നിരവധി സംഘടനകളില്‍ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ക്ഷേത്രം പുനരുദ്ധരിക്കാന്‍ കേളപ്പജി നേരിട്ട് ക്ഷേത്രപുനരുദ്ധാരണത്തിന് മുന്‍കയ്യെടുക്കുകയും സത്യഗ്രഹമിരിക്കുകയും ചെയ്തു. സമരം പരാജയപ്പെടുത്താന്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തു നിന്ന് നിരന്തരമായ നീക്കങ്ങളുണ്ടായെങ്കിലും അവസാനം കേളപ്പജിയുടെ സമരം വിജയിക്കുകയും ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് 1971 ഒക്‌ടോബര്‍ ഏഴിന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.

publive-image

ഗാന്ധിജിയുടെ അക്രമരഹിത പോരാട്ടത്തിന്റെ ഭാഗമായാണ് ഉപ്പ് സത്യഗ്രഹ സമരം നടത്തിയത്. ഇതിന്റെ ഭാഗമായി കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് നിന്നും പയ്യന്നൂരിലേക്ക് നിയമലംഘനത്തിന്റെ ഭാഗമായി ഉപ്പുസത്യഗ്രഹ യാത്ര നടത്തി. ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ അമൃതോത്സവ സമിതി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര നടത്തുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ മഹാത്യാഗവും സ്മരണയും നിലനിര്‍ത്താന്‍ സ്മൃതിയാത്രകൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമൃതമഹോത്സവ് ആഘോഷസമിതി ചെയര്‍മാന്‍ ടി. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി. ആഘോഷസമിതി പ്രസിഡന്റ് അശോകന്‍ പള്ളൂര്‍ സ്വാഗതവും സെക്രട്ടറി ടി. പ്രതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Advertisment