തലവൂരിൽ ശിവരൂപശില്പമൊരുക്കി ജി. ഷൈൻലാൽ

author-image
ജൂലി
Updated On
New Update

publive-image

തലവൂർ: കഴിഞ്ഞ ചിങ്ങമാസത്തിൽ ശില്പി ഷൈൻലാലിന്റെ മനസ്സിൽ തെളിഞ്ഞു ഒരു മഹാദേവരൂപം. ധ്യാനപത്മാസനത്തിൽ അർത്ഥ നിമീലിത നേത്രങ്ങളോടെ ഉടുക്കും ത്രിശൂലവുമേന്തിയ ആ ശിവരൂപം ഒരു ശില്പമായി മാറേണ്ടത് ഒരു നിയോഗമായിരുന്നിരിക്കാം. മനസ്സിൽ ഒരു ബൃഹദാകാരശില്പത്തിന്റെ സ്കെച്ച് തയ്യാറായപ്പോൾ ശില്പി അതിന്റെ പണികൾക്ക് തുടക്കമിട്ടു. ശില്പനിർമ്മാണം ആറേഴുമാസം നീണ്ടു. അതികഠിനമായ പ്രയത്നത്തിനൊടുവിൽ ശില്പം അതിന്റെ യഥാർത്ഥ ആകാരം പൂണ്ടു. ഇനി ഭക്തർക്കതൊരു കാഴ്ച്ചയായി മാറുകയാണ്. കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല, മുടിയിൽ നിന്ന് ഒഴുകുന്ന വിശുദ്ധഗംഗ, നെറ്റിയിലെ മൂന്നാമത്തെ കണ്ണ് അങ്ങനെ പുരാണവർണ്ണനകളിലുള്ള സർവ്വവുമായി സാക്ഷാൽ ശിവരൂപത്തെ തന്റെ പ്രതിഭാവൈദഗ്ദ്ധ്യം കൊണ്ട് ശില്പി ഷൈൻലാൽ സൃഷ്ടിച്ചെടുത്തു, തന്റെ സ്വന്തം തട്ടകമായ കൊട്ടാരക്കരയ്ക്കടുത്ത് തലവൂർ തത്തമംഗലം ശ്രീമഹാദേവക്ഷേത്രകവാടത്തിൽ.

Advertisment

publive-image

ഒരുപാട് കാലമായുള്ള തന്റെ ആഗ്രഹം പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. വൃത്താകൃതിയിൽ 4 അടി ഉയരമുള്ള തറയിൽ ഭഗവാന്റെ പുലിത്തോലുകൊണ്ടുള്ള ഇരിപ്പിടം. ഇരിപ്പിടത്തിൽ നിന്നും 9 അടി ഉയരമുണ്ട് ഉത്തുംഗജടവരെ. ഇരുമ്പുകമ്പിയും, നെറ്റും, ചുടുകട്ടയും സിമന്റ്, മണൽ, കോൺക്രീറ്റ് എന്നിവയുമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. സ്വന്തം അധ്വാനത്തിൽ നിന്നും നീക്കിവച്ച നല്ലൊരു തുക ശില്പ നിർമ്മാണത്തിനായി അദേഹം ചെലവഴിച്ചുകഴിഞ്ഞു. ഉറ്റസുഹൃത്തുക്കൾ ചിലർ പണവുമായി സഹായഹസ്തം നീട്ടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിശ്വകർമ്മ (മയ) കുടുംബത്തിലെ അംഗമായ ഷൈൻലാൽ ഇത്രയും പണികൾ ചെയ്തു തീർത്തത് ഒരു ആത്മസമർപ്പണമായിട്ടാണ്. ശില്പം രൂപപ്പെടുത്തുന്നതിൽ മുഴുവൻ സമയവും സ്വയം വ്യാപൃതനായാണ് ഇതുവരെയുള്ള പണികൾ പൂർത്തിയാക്കിയതെന്നു ഷൈൻലാൽ പറഞ്ഞു.

publive-image

ചെറുപ്പം മുതൽ ചിത്രകലയിലും ശില്പനിർമ്മിതിയിലും താത്പര്യമുണ്ടായിരുന്ന ഷൈൻലാലിന്റെ ഗുരു കൊട്ടാരക്കര ശ്രീമുരുക ശില്പശാലയിലെ അനിൽകുമാറാണ്. കൊട്ടാരക്കര രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ചിത്രകലയിൽ നേടിയ ഡിപ്ലോമ തന്റെ ശില്പവേല യെ കൂടുതൽ മൂർത്തമാക്കിയതായി ഷൈൻലാൽ പറയുന്നു. വിശ്രുത ചിത്രകാരനും ശില്പിയുമായ മൈക്കേൽ ആഞ്ചെലോയുടെയും ലിയനാർഡോ ഡാവിഞ്ചിയുടെയും ലോകപ്രശസ്തങ്ങളായ ചിത്ര, ശില്പങ്ങൾ നിരീക്ഷിക്കുകയും അവയിലെ കരവിരുതിന്റെ സൂക്ഷ്മാംശങ്ങൾ എന്തൊക്കയൊന്നു പഠിയ്ക്കാൻ താനും ശ്രമിക്കാറുണ്ടെന്നു ഷൈൻലാൽ പറഞ്ഞു. 2015-ൽ പുനലൂർ ചെമ്മന്തൂരിലെ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ ചെയ്ത ആദിവാസി ശില്പം ഷൈൻലാലിന്റെ മാസ്റ്റർ പീസുകളിൽ ഒന്നാണ്.

publive-image

കുന്നിക്കോട് ആവണീശ്വരം എ.പി.പി.എം. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ കാമ്പസിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിജിയുടെയും മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെയും അർദ്ധകായപ്രതിമ, പുനലൂരിലെ തായ് ലക്ഷ്മി സിനിമാ തിയേറ്ററിൽ പണിതീർത്ത കഥകളിയിലെ അർജ്ജുനവേഷത്തിന്റെ ഭിത്തിചിത്ര ശില്പം (റിലീഫ്) തുടങ്ങിയവയെല്ലാം ഷൈൻലാലിന്റെ പ്രതിഭ തെളിയിക്കുന്നവയാണ്. ഏറ്റവും മനോഹരമായ ആരുടെയും ശ്രദ്ധയാകർഷിക്കുന്നതുമായ ഒരു ഹംസദമയന്തി ഭിത്തിചിത്രശില്പം (റിലീഫ് ) തന്റെ വീടിന്റെ മുൻവശത്ത് ചുമരിൽ ഷൈൻലാൽ ചെയ്തുവച്ചിട്ടുണ്ട്.

publive-image

കൊല്ലത്ത് വേലുത്തമ്പി സ്മാരക ട്രസ്റ്റിനുവേണ്ടി വേലുത്തമ്പി ദളവയുടെ ശിൽപം ചെയ്തു പൂർത്തിയാക്കിയിട്ട് നാലു വർഷമായി. മഹാദേവശില്പത്തിന്റെ മിനുക്കുപണികളുടെ തിരക്കിലാണിപ്പോൾ ഷൈൻലാൽ. പെയിന്റിങ് പൂർത്തിയയായ ശേഷം തിരുവിതാംകൂർ ദേവസ്വംബോർഡും ക്ഷേത്രോപദേശകസമിതിയും മനസ്സുവെച്ചാൽ മെയ് മാസത്തിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ശില്പം അനാവരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഈ എളിയ കലാകാരൻ. തലവൂർ രണ്ടാലുംമൂട് ലാൽ ഭവനിൽ താമസിയ്ക്കുന്ന ഷൈൻലാലിന്റെ ഭാര്യ ലേഖയാണ്. അച്ഛനെപ്പോലെ ചിത്രകലാഭിരുചിയുണ്ട് മക്കളായ അക്ഷയ്ക്കും ലക്ഷ്മിയ്ക്കും. സ്‌കൂൾ യുവജനോത്സവത്തിൽ കുളക്കട സബ്ബ് ജില്ലയിൽ ക്ലേമോഡലിംഗിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു അക്ഷയ്.

Advertisment