ശബരിമല തീർത്ഥാടകർക്ക് മികച്ച സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി ; നിലയ്ക്കൽ ക്ഷേത്രത്തിൽ വിശ്രമകേന്ദ്രം വരുന്നു

author-image
ജൂലി
Updated On
New Update

publive-image

പമ്പ: ശബരിമല തീത്ഥാടകർക്ക് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യമൊരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല ഇടത്താവള വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയുടെ സഹായത്തോടെ നിലയ്ക്കല്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി നിര്‍മിക്കുന്ന ഇടത്താവളങ്ങള്‍ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമെത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമായി മാറും. മനുഷ്യന് നന്മ ചെയ്യാന്‍ കഴിയുന്നതാവണം മതം. ദേവാലയങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ്.

Advertisment

കേവലം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരായി മാത്രം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മാറരുത്. ഉദ്യോഗസ്ഥരുടെ നല്ല ഇടപെടലുകളുണ്ടായാല്‍ ഓരോ ക്ഷേത്രാങ്കണങ്ങളേയും മെച്ചപ്പെട്ട രീതിയില്‍ മാറ്റുവാന്‍ കഴിയും. ഏറ്റവും വൃത്തിയുള്ള കേന്ദ്രമാക്കി ശബരിമലയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 54.35 കോടി രൂപ ചിലവില്‍ 8855 സ്‌ക്വയര്‍ മീറ്ററില്‍ ഇരുനിലകളിലായി ഏഴു കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. അയ്യപ്പന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം, ശുചിമുറികള്‍, ലിഫ്റ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയും സജ്ജീകരിക്കും.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്., ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, മനോജ് ചരളേല്‍, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി. കൃഷ്ണകുമാര്‍, ചീഫ് എഞ്ചിനീയര്‍ ആര്‍. അജിത്ത് കുമാര്‍, നിലയ്ക്കല്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment