പൊന്നാനി: ഇസ്ലാമിക ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമായ പ്രവാചകൻ നേതൃത്വം കൊടുത്ത ബദർ യുദ്ധം അനുസ്മരിച്ചു കൊണ്ടുള്ള പരിപാടികൾ പൊന്നാനിയിൽ വിപുലമായി അരങ്ങേറി. റംസാൻ പതിനേഴിനായിരുന്നു ഇസ്‌ലാമിലെ എക്കാലത്തെയും ആവേശകരമായ ബദർ യുദ്ധം.
മൗലീദ് പാരായണവും അസ്ബാഹുൽ ബദരീങ്ങളുടെ റാത്തീബും ദുആ മജ്ലിസും അന്ന ദാനവും ഇഫ്താർ സംഘവും ഉൾപ്പെടുന്നതായിരുന്നു പൊന്നാനിയിലെ ബദർ ദിനാചരണം. പൊന്നാനിയിലെ പ്രസിദ്ധ ആരാധനാലയങ്ങളായ സിയാറത്ത് ജുമാഅത്ത് പള്ളി, ചന്തപ്പടി സുന്നി ജുമാഅത്ത് പള്ളി, മുഹിയുദ്ദീൻ ജുമാഅത്ത് പള്ളി, ഖിളർ ജുമാഅത്ത് പള്ളി,മസ്ജിദ് മുസ്സമിൽ ഇജാബ എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് ബദ്ർ ദിനാചരണം ഏർപ്പെടുത്തിയത്.
സംസ്ഥാന ഹാജി കമ്മിറ്റി മെമ്പർ കെ എം ഹാജി മുഹമ്മദ് ഖാസിം കോയ, യാസിർ ഇർഫാനി, ഇബ്രാഹിം മദനി,ഇസ്മാഈൽ അൻവരി, പി പി ഉമ്മർ ഹാജി, കെ എം ഇബ്രാഹിം ഹാജി, അബ്ദുൽ റസാഖ് ഹാജി, ഫളലു റഹ്‌മാൻ ഉസ്താദ്, ഉസ്മാൻ മുസ്ലിയാർ, അബ്ദുള്ള കുട്ടി മുസ്ലിയാർ, സഅദി ഉസ്താദ്, കെഎം മുഹമ്മദലി ഉസ്താദ് എന്നിവർ നേതൃത്വം കൊടുത്തു.
ചന്തപ്പടി സുന്നി ജുമാ മസ്ജിദ് പള്ളിയിൽ ശിഹാബുദ്ധീൻ അഹ്സനി, സി വി മുഹമ്മദ് നവാസ്, കെ അബ്ദുൽ കാദർ, കെ ഖാസിം. ഖമറുദ്ധീൻ എന്നിവരും രംഗത്തുണ്ടായിരുന്നു.