/sathyam/media/post_attachments/qGEJnHk9vgiyK0bWX2wD.jpeg)
പാലാ: വാർഷിക പദ്ധതി നിർവഹണത്തിൽ ജില്ലയിൽ 70ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാമപുരം പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിയുടെ നിഷ്‌ക്രിയത്വത്തിനെതിരെ വെള്ളിയാഴ്‌ച രാമപുരം പഞ്ചായത്ത് ഓഫീസ് പടിക്കൽ എൽഡിഎഫ് നേതൃത്വത്തിൽ ബഹുജന മാർച്ചും പ്രതിഷേധയോഗവും നടത്തുമെന്ന് എൽഡിഎഫ് പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് ബസ് സ്‌റ്റാൻഡ് ജംങ്‌ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ചിനോടനുബന്ധിച്ച് പഞ്ചായത്ത് പടിക്കൽ ചേരുന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്യും.
കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം നൽകിയ 235 ലക്ഷം രൂപയുടെ പദ്ധതികളാണ് ഭരണസമിതിയുടെ നിഷ്‌ക്രിയാവസ്ഥമൂലം നഷ്ടമാക്കിയത്. ഇതിനെതിരെ ശക്തമായ ജനരോഷമാണ് പഞ്ചായത്തിൽ ഉയരുന്നത്. പദ്ധതികൾ പൂർത്തികരിക്കാത്തതിനാൽ ഉൽപാദന, സേവന മേഖലകളിൽ വൻതിരിച്ചടിയാണ് സംഭവിച്ചത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഇതോടെ നഷ്ടമായി. വരുമാനത്തിലും പദ്ധതി നിർവ്വഹണത്തിലും മുൻവർഷങ്ങളിൽ ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തായിരുന്നു രാമപുരം. ക്ഷീര മേഖലയിൽ നടത്തിയ പ്രവർത്തനത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം രാമപുരത്തിനായിരുന്നു.
പഞ്ചായത്തിൽ നടപ്പാക്കിയ ബാലസൗഹൃദ പ്രവർത്തനങ്ങൾ കിലയുടെ പ്രശംസ പിടിച്ചുപറ്റി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾപോലും നിലനിർത്തുവാൻപോലും കഴിഞ്ഞിട്ടില്ല. ലൈഫ് ഭവന പദ്ധതിയുടെ സർവേ സമയബന്ധിതമായി പൂർത്തീകരിച്ചില്ല. വനിതാ കാർഷിക വിപണനകേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാത്തതിനാൽ വാടക ഇനത്തിൽ ലഭിക്കുമായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ തനത് ഫണ്ട് നഷ്ടമായി. നികുതി ശേഖരണത്തിലും പിന്നാക്കം പോയി. വഴിവിളക്കുകളുടെ അറ്റകുറ്റ പണികൾ നടത്താത്തതിനാൽ പഞ്ചായത്ത് ഇരുട്ടിലാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഒരു ലക്ഷം രൂപാപോലും ചിലവഴിച്ചില്ല.
ജില്ലയിൽതന്നെ ജനസംഖ്യയിലും വരുമാനത്തിലും ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നാണ് രാമപുരം. ഇത്തരം ജനവിരുദ്ധ നിലപാടുകൾക്കും വികസന വിരുദ്ധ നടപടികൾക്കുമെതിരെയാണ് എൽഡിഎഫ് പ്രതിഷേധമെന്ന് ഭാരവാഹികളായ കെ എസ് രാജു, പയസ് രാമപുരം, ബൈജു ജോൺ പുതിയിടത്തുചാലിൽ, സണ്ണി പൊരുന്നക്കോട്ട്, എം ടി ജാന്റീഷ്, എം ആർ രാജു, എന്നിവർ വാർത്താസമ്മേളത്തിൽ പറഞ്ഞു. അലക്‌സി തെങ്ങുംപള്ളിക്കുന്നേൽ, ബെന്നി തെരുവത്ത്, അജി പൂപ്പള്ളിക്കുന്നേൽ, സ്‌മിത അലക്സ്, ജയ്‌മോൻ മുടയാരത്ത്, തങ്കച്ചൻ പാലക്കുന്നേൽ, ടി ആർ വിജയകുമാർ, കെ എൻ അമ്മിണി, ബീന സണ്ണി എന്നിവരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us