/sathyam/media/post_attachments/XuC8gNOskbK3DnTEB6Nc.jpg)
പാലാ/കുവൈറ്റ്: മരുഭൂമിയിലെ സഭയിൽ നിന്നും കർത്താവിന്റെ വേലക്കായി സന്യാസ വൃതം സ്വീകരിച്ച് ജെസ്സീറ്റാ ജോസ് ചൂനാട്ട്. ചങ്ങനാശ്ശേരി അതിരൂപതയിലെ പുഷ്‌പഗിരി ഇടവകാംഗമായ ജോസ് മാത്യു ചൂനാട്ടിന്റെയും ആൻസി ജോസിന്റെയും രണ്ടാമത്തെ മകളായ ജെസ്സീറ്റ തിരുഹൃദയ സഭയിൽ അംഗമായി സന്യാസ വസ്ത്രം സ്വീകരിച്ചു. ഏപ്രിൽ 28 വ്യാഴാഴ്ച പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് നടന്ന ശുശ്രൂഷകളിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കാർമ്മികൻ ആയിരുന്നു.
കുവൈറ്റിലെ സീറോ മലബാർ അത്മായ സംഘടനയായ എസ്എംസിഎയുടെ കുട്ടികളുടെ വിഭാഗമായ ബാലദീപ്തിയുടെ മുൻനിര പ്രവർത്തകയായിരുന്നു ജെസീറ്റ. 2015-16 വർഷത്തിൽ ഫഹാഹീൽ ഏരിയ കൺവീനർ എന്ന നിലയിലും അതിനു മുൻപുള്ള വർഷം കേന്ദ്ര ഭരണസമിതി അംഗം എന്ന നിലയിലും ജെസ്സീറ്റ പ്രവർത്തിച്ചിരുന്നു. അഹമ്മദി ഇടവകയുടെ ക്രിസ്റ്റീൻ പരിപാടികളിലും പ്രാർത്ഥനയിലും ജെസ്സീറ്റ സ്ഥിര സാന്നിധ്യമായിരുന്നു.
പന്ത്രണ്ടാം ക്‌ളാസിൽ കുവൈറ്റിലെ തന്നെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി മാർ വർക്കി വിതയത്തിൽ അവാർഡ് നേടിയ ജെസീറ്റ അതിനു ശേഷം വൈദ്യ പഠനത്തിന് ചേരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.എന്നാൽ ആദ്യം താൻ ഈശോയുടെ ജോലികൾക്കായി സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നും അതിനു ശേഷം ഈശോ അനുവദിച്ചാൽ വൈദ്യപഠനം നടത്തി ഒരു നല്ല ഡോക്ടർ ആകാമെന്നുമായിരുന്നു ജെസ്സീറ്റയുടെ തീരുമാനം.
എസ്എംസിഎ ബാലദീപ്തിയുടെ മക്കളിൽ തുടരുന്ന ദൈവവിളിയുടെ മറ്റൊരു ചരിത്രമാണ് ജെസീറ്റയുടെ ഈ തീരുമാനം വഴി പ്രകാശിതമായത്. ബാലദീപ്തിയുടെ സ്ഥാപക പ്രെസിഡന്റ്റ് ആയിരുന്ന കെൻസി ജോസഫ് മാമൂട്ടിൽ ഐഐടി വിദ്യാഭാസവും, ഉന്നത ജോലിയുമൊക്കെ ആയതിനു ശേഷം വൈദികനായതും, രണ്ടാമത് കമ്മിറ്റിയിലെ അംഗമായിരുന്ന ജോമരിയ മേനാച്ചേരി യൂണിവേഴ്സിറ്റിയിലെ ജോലി ഉപേക്ഷിച്ചു സന്യാസിനി ആയതും, സന്യാസ സഭകളിലും രൂപതകളിലും സെമിനാരി വിദ്യാഭ്യാസം തുടരുന്ന കുട്ടികളും രജത ജൂബിലി ആഘോഷിക്കുന്ന ബാലദീപ്തിയുടെ നേട്ടങ്ങൾ തന്നെയാണ്.
എസ്എംസിഎ കുവൈറ്റിന്റെ ഫഹാഹീൽ ഏരിയ കൺവീനെർ ആയി രണ്ടു തവണ സേവനം ചെയ്ത ജോസ് ചൂനാട്ട്, അഹമ്മദി ഇടവകയുടെ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സ്രെധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സീറോ മലബാർ വിശ്വാസ പരിശീലന ക്‌ളാസ്സ്‌കളുടെ പ്രഥമാധ്യാപാകൻ ആയും അദ്ദേഹത്തിന്റെ സേവനം വിലപ്പെട്ടതായിരുന്നു.
മെയ് ആറാം തീയതി മാതൃ ഇടവകയായ പുഷപഗിരിയിലും മെയ് 11 നു ഫഹാഹീല് എസ്എംസിഎ ഹാളിലും ജെസ്സീറ്റക്ക് അനുമോദന സമ്മേളനം ഒരുക്കിയിട്ടുണ്ട്. സാധിക്കുന്ന എല്ലാവരും കുടുംബ സമേതം ഈ പരിപാടിയിൽ പങ്കെടുക്കണമെന്നും വളരുന്ന കുട്ടികൾക്ക് മാതൃകയും പ്രോത്സാഹനവുമായി ജെസ്സീറ്റയുടെ സന്യാസ ജീവിതം മാറട്ടെയെന്നു ബാലദീപ്തി ചീഫ് കോഓർഡിനേറ്റർ ജിമ്മി സ്കറിയ , എസ്എംസിഎ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ എന്നിവർ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us