പെരുമ്പാവൂർ ജെ.ടി.എസ്സിന്റെ അകത്തളത്തിൽ നാല്പതിനാല് വർഷത്തിനുശേഷം ഒരു കണ്ടുമുട്ടൽ

author-image
ജൂലി
Updated On
New Update

publive-image

കൂവപ്പടി: അറുപതു തികഞ്ഞ പഴയ സഹപാഠികളെല്ലാവരും വിദ്യാലയ സ്മരണകൾ പങ്കുവയ്ക്കാനായി പഴയ പെരുമ്പാവൂർ ജെ.ടി.എസ്സിന്റെ ഇടനാഴികളിൽ കണ്ടുമുട്ടാനൊരുങ്ങുന്നു. 1978-ൽ ജെ.ടി.എസ്.എൽ.സി. എന്ന പത്താംതരം പാസ്സായി പുറത്തിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് മേയ്-8 ഞായറാഴ്ച രാവിലെ പത്തുമണിയ്ക്ക് തങ്ങളുടെ കൗമാരകാല വിദ്യാലയസ്മരണകൾ പങ്കുവയ്ക്കുവാനായി അയ്മുറിയിലെ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ ഒത്തുകൂടുന്നത്. 1960 -ൽ കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്കീഴില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ തുടക്കം കുറിച്ച സാങ്കേതികവിദ്യഭ്യാസ സ്ഥാപനങ്ങളായിരുന്നു ജൂനിയർ ടെക്നിക്കൽ സ്‌കൂളുകൾ. 8 മുതല്‍ 10 വരെ തലങ്ങളിലേയ്ക്ക് പ്രവേശനം നൽകി മികച്ച സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിക്കുക എന്നതായിരുന്നു അന്നത്തെ സർക്കാരിന്റെ ലക്ഷ്യം.

Advertisment

പെരുമ്പാവൂർ ജൂനിയർ ടെക്‌നിക്കൽ ഹൈസ്‌കൂൾ 1961-ൽ കൂവപ്പടി പഞ്ചായത്തിലെ അയ്മുറിയിലാണ് ആരംഭിച്ചത്. കൂവപ്പടിയിലെ പ്രതാപശാലികളും ഭൂപ്രഭുക്കന്മാരുമായിരുന്ന പറമ്പി തമിഴ്ബ്രാഹ്മണ കുടുംബത്തിലെ കാരണവരായിരുന്ന നാരായണയ്യർ സൗജന്യമായി സർക്കാരിന് വിട്ടുനൽകിയ നാലേക്കർ 10 സെന്റു ഭൂമിയിലാണ് ടെക്നിക്കൽ സ്‌കൂൾ പണിതത്. പ്രാദേശികമായി സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായിരുന്ന ഒട്ടേറെ കുടുംബംങ്ങളിലെ കുട്ടികൾക്ക് ജെ.ടി. എസ്. പഠനം കൊണ്ട് അന്നത്തെക്കാലത്ത് സർക്കാർ, അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിനേടി ജീവിതം കരുപ്പിടിപ്പിയ്ക്കാനായി എന്നത് വലിയൊരു കാര്യമാണെന്ന് 78-ബാച്ച് പൂർവ്വവിദ്യാർത്ഥിയായ മണി വടക്കേടത്ത് പറഞ്ഞു.

publive-image

പഠിപ്പിച്ച അധ്യാപകരിലും വിദ്യാർത്ഥികളിലും പലരും മണ്മറഞ്ഞു. സഹപാഠികളിൽ ശേഷിക്കുന്നത് മുപ്പത്തഞ്ചോളം പേരാണ്. കേരളത്തിന്റെ പലയിടങ്ങളിൽ ജീവിതം നയിക്കുന്നവരെ കണ്ടെത്തുന്നത് ശ്രമകരമായിരുന്നു. വാർധക്യകാലത്തിലേയ്ക്ക് കടക്കുന്ന വേളയിൽ നാല്പത്തിനാലു വർഷത്തിനുശേഷമാണ് പലരും പരസ്‍പരം കണ്ടുമുട്ടാൻ പോകുന്നത്. ജീവിതത്തിന്റെ പിരിമുറുക്കങ്ങൾക്കിടയിൽ ഇത്തരം കൂടിക്കാഴ്ചകൾ മനസ്സിന് വലിയ സന്തോഷവും ഒപ്പം വികാരനിർഭരവുമായിരിക്കുമെന്ന് പൂർവ്വവിദ്യാർത്ഥി സംഗമം കോ-ഓർഡിനേറ്റർ പ്രകാശ് ആർ. മാരിക്കുടി പറഞ്ഞു.

Advertisment