ശ്രീശങ്കരാചാര്യ ജന്മസ്ഥലിയിൽ ജയന്തിയാഘോഷങ്ങൾ ഗംഭീരമായി

author-image
ജൂലി
Updated On
New Update

publive-image

കാലടി: ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയിൽ ആചാര്യസ്വാമികളുടെ ജയന്തിദിനാചരണം വെള്ളിയാഴ്ച വൈകിട്ട് ഭക്തിനിർഭരമായി കൊണ്ടാടി. അദ്വൈത ശങ്കരനെ ഭജിച്ചുകൊണ്ട് ഹര ഹര ശങ്കര.. ജയ ജയ ശങ്കര ധ്വനി മുഴക്കി, നാടിന്റെ നാനാഭാഗത്തു നിന്നെത്തിയ ഭക്തർ കാലടിയിലെ കാഞ്ചി കാമകോടിപീഠം ആദിശങ്കര കീർത്തി സ്തംഭത്തിലൊത്തുകൂടി. ശ്രീശങ്കരോത്സവത്തിന്റെ ഭാഗമായി ആദ്യമായാണ് കാലടി തീർത്ഥാടനം ഇത്തവണ സംഘടിപ്പിച്ചത്. മെയ് 1 മുതൽ 6 വരെയായിരുന്നു ശ്രീശങ്കരാചാര്യ സ്മരണപേറുന്ന അഷ്ടതീർത്ഥങ്ങളിലൂടെയുള്ള തീർത്ഥാടനം നടന്നത്.

Advertisment

publive-image

ആര്യാംബാസമാധി, ശ്രീശാരദാംബാക്ഷേത്രം, ശ്രീശങ്കരാ ചാര്യക്ഷേത്രം തുടങ്ങി ശ്രീശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രസമുച്ചയം, അമ്മയുടെ അനുവാദത്തോടെ സന്ന്യാസം സ്വീകരിച്ച പെരി യാറിലെ മുതലക്കടവ്, ശ്രീശങ്കരൻ പുനഃപ്രതിഷ്ഠ നടത്തിയ കുലദേവതാക്ഷേത്രമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ശ്രീശങ്കരന് മഹാദേവി സ്തന്യം നല്കിയനുഗ്രഹിച്ച മാണിക്യമംഗലം കാർത്യായനീദേവീക്ഷേത്രം, ആര്യാംബയ്ക്ക് ശ്രീപരമേശ്വരൻ ദർശനം നല്കിയ തിരുവെള്ളമാൻതുള്ളി വടക്കുംനാഥ ക്ഷേത്രം, ശ്രീശങ്കരപ്രശസ്തി വെളിവാക്കാൻ കാഞ്ചീമഠം സ്ഥാപിച്ച കാലടി ശ്രീശങ്കരസ്തൂപം, ദാരിദ്ര്യശമനാർത്ഥം ശ്രീശങ്കരൻ കനകധാരാസ്തോത്രം ചൊല്ലിയ പുന്നോർക്കോട് സ്വർണ്ണത്തുമന, ശ്രീശങ്കരാചാര്യരുടെ മാതൃഗൃഹമായ പിറവത്തിനടുത്തുള്ള മേൽപ്പാഴൂർമന എന്നിവയാണ് അഷ്ടതീർത്ഥങ്ങൾ.

publive-image

ശ്രീശങ്കരോത്സവ സംഘാടക സമിതിയുടെയും സൗന്ദര്യലഹരി ഉപാസനാ മണ്ഡലിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ വർഷം ആദ്യമായി കാലടി തീർത്ഥാടനം സംഘടിപ്പിച്ചത്. ശങ്കരജയന്തി സമ്മേളനത്തിൽ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള ശ്രീശങ്കര ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ചീമഠം ശങ്കരാചാര്യർ ശ്രീമദ് വിജയേന്ദ്ര സരസ്വതി സ്വാമി ഓൺലൈനായി ശ്രീശങ്കരജയന്തി സന്ദേശം നൽകി.

publive-image

പത്മശ്രീ എം.കെ. കുഞ്ഞോൽ, അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് പ്രസിഡന്റ് പി.എസ്. നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വൈകീട്ട് അഞ്ചിന് ശങ്കരജയന്തി മഹാപരിക്രമ കീർത്തി സ്തംഭത്തിൽനിന്നും ആരംഭിച്ചു. വിവിധമഠങ്ങളിലെ സംന്യാസിമാരും സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പങ്കെടുത്ത മഹാപരിക്രമയിൽ ആയിരങ്ങളാണ് അണിനിരന്നത്. ശങ്കര ജന്മഭൂമി ക്ഷേത്രത്തിനു സമീപത്തെ ഐതിഹ്യപ്രസിദ്ധമായ മുതലക്കടവിൽ മഹാപരിക്രമ സമാപിച്ചശേഷം നദീപൂജ, മുതലക്കടവ് പുണ്യസ്നാനം എന്നിവയും നടന്നു.

publive-image

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശ്രീ ശങ്കരജയന്തി ആഘോഷങ്ങളെ സംഗീത സുരഭിലമാക്കി സർവ്വകലാശാലയിലെ സംഗീത വിഭാഗം വിദ്യാർത്ഥിനികളും അധ്യാപകരും. ശങ്കരകൃതികളെ ആസ്പദമാക്കി വെളിയാഴ്ച രാവിലെ അവതരിപ്പിച്ച ‘സംഗീതസപര്യ’ ശ്രദ്ധേയമായി. ഗണേശപഞ്ചരത്നം, അന്നപൂർണ്ണാഷ്ടകം, ശിവപഞ്ചാക്ഷര സ്തോത്രം, ഭജഗോവിന്ദം എന്നീ ശങ്കരകൃതികളുടെ സംഗീതാവിഷ്കാരം സർവ്വകലാശാല കാലടി മുഖ്യ കേന്ദ്രത്തിലെ യൂട്ടിലിറ്റി സെന്ററിലുളള സെമിനാർ ഹാളിലാണ് നടന്നത്.

publive-image

Advertisment