കൂവപ്പടി ഗവ. പോളിടെക്നിക്കിന്റെ അകത്തളത്തിൽ അറുപതു പിന്നിട്ട സഹപാഠികളൊത്തുകൂടി

author-image
ജൂലി
Updated On
New Update

publive-image

കൂവപ്പടി: വയസ്സറുപത് പിന്നിട്ട വേളയിലാണ് പഴയ സഹപാഠികളിൽ ചിലരുടെ മനസ്സിൽ കൂട്ടുകാരെ ഒന്നുകാണണം എന്ന ആഗ്രഹമുദിയ്ക്കുന്നത്. നാല്പത്തിനാലു വർഷത്തിനുശേഷമുള്ള ഒരൊത്തുചേരൽ.

Advertisment

കൂടെപ്പഠിച്ചവരെല്ലാം എവിടെയെന്ന വ്യക്തമായ അറിവൊന്നുമില്ലെങ്കിലും കണ്ടത്താനുള്ള ശ്രമങ്ങൾ തുടങ്ങി. അതു വിജയം കണ്ടു. 1978-ല്‍ ജെ.ടി.എസ്.എല്‍.സി. എന്ന പത്താംതരം പാസ്സായി പുറത്തിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച രാവിലെ പത്തുമണിയ്ക്ക് തങ്ങളുടെ കൗമാരകാല വിദ്യാലയസ്മരണകള്‍ പങ്കുവയ്ക്കുവാനായി അയ്മുറിയിലെ ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജില്‍ ഒത്തുകൂടിയത്.

1960ല്‍ കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്കീഴില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ നിയന്ത്രണത്തില്‍ തുടക്കം കുറിച്ച സാങ്കേതികവിദ്യഭ്യാസ സ്ഥാപങ്ങളായിരുന്നു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളുകള്‍.

8 മുതല്‍ 10 വരെ തലങ്ങളിലേയ്ക്ക് പ്രവേശനം നല്‍കി മികച്ച സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിക്കുക എന്നതായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ ലക്ഷ്യം. പെരുമ്പാവൂര്‍ ജൂനിയര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ 1961-ല്‍ കൂവപ്പടി പഞ്ചായത്തിലെ അയ്മുറിയിലാണ് ആരംഭിച്ചത്.

കൂവപ്പടിയിലെ പ്രതാപശാലികളും ഭൂപ്രഭുക്കന്മാരുമായിരുന്ന പറമ്പി തമിഴ് ബ്രാഹ്മണ കുടുംബത്തിലെ കാരണവരായിരുന്നനാരായണയ്യര്‍ സൗജന്യമായി സര്‍ക്കാരിന് വിട്ടുനല്‍കിയ നാലേക്കര്‍ പത്തു സെന്‍റു ഭൂമിയിലാണ് ടെക്നിക്കല്‍ സ്കൂള്‍ പണിതത്.

പ്രാദേശികമായി സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായിരുന്ന ഒട്ടേറെ കുടുംബംങ്ങളിലെ കുട്ടികള്‍ക്ക് ജെ.ടി. എസ്. പഠനം കൊണ്ട് അന്നത്തെക്കാലത്ത് സര്‍ക്കാര്‍,

അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിനേടി ജീവിതം കരുപ്പിടിപ്പിയ്ക്കാനായി എന്നത് വലിയൊരു കാര്യമാണെന്ന് 78-ബാച്ച് പൂര്‍വ്വവിദ്യാര്‍
ത്ഥിയായ മണി വടക്കേടത്ത് പറഞ്ഞു.

പഠിപ്പിച്ച അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും പലരും മണ്മറഞ്ഞു. സഹപാഠികളില്‍ ശേഷിക്കുന്ന മുപ്പത്തഞ്ചോളം പേരാണ് പഠിച്ച സ്‌കൂളിന്റെ അകത്തളത്തിലേയ്ക്ക് ഗൃഹാതുരത്വവുമായി വീണ്ടുമെത്തിയത്.

വാര്‍ധക്യകാലത്തിലേയ്ക്ക് കടക്കുന്ന വേളയില്‍ നാല്പത്തിനാലു വര്‍ഷത്തിനുശേഷം എല്ലാവരുമൊന്നിച്ചിരുന്നു സദ്യയുമുണ്ടാണ് തിരിച്ചുപോയത്. ജീവിതത്തിന്റെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ ഇത്തരം കൂടിക്കാഴ്ചകള്‍ മനസ്സിന് വലിയ സന്തോഷമാണ് നൽകിയതെന്ന് പലരും പറഞ്ഞു. വികാരനിർഭരമായാണ് വേദിയിൽ പലരും സംസാരിച്ചത്. പ്രകാശ് ആര്‍. മാരിക്കുടിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisment