Advertisment

കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിക്കണം; രാഷ്ട്രപതി റാംനാഥ് കോവിന്ദ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർദേശിച്ചു. ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളുടെ കഴിവിന്റെ അടുത്തെങ്ങും പ്രാതിനിധ്യം രാഷ്ട്രീയത്തിലും തൊഴിൽ മേഖലകളിലും അവർക്കു ലഭിച്ചിട്ടില്ലെന്നും കേരള നിയമസഭ സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി പറഞ്ഞു.

സാമൂഹികമായ മുൻവിധികളാണ് സ്ത്രീകളെ തടഞ്ഞുനിർത്തുന്നത്. വിവിധ തലങ്ങളിൽ സ്ത്രീകൾ പിന്തള്ളപ്പെടുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. മനോഭാവവും ചിന്താഗതിയും മാറുക മാത്രമാണു പരിഹാരം. ഇന്ത്യയിൽ ഒരു വനിതാ പ്രധാനമന്ത്രിയും ഒരു വനിതാ രാഷ്ട്രപതിയും ഉണ്ടായി എന്നതിൽ നമുക്ക് അഭിമാനിക്കാം.

ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹ സമരങ്ങളിൽ സ്ത്രീകളുടെ വ്യാപക പങ്കാളിത്തമുണ്ടായിരുന്നു. സരോജിനി നായിഡുവിനെയും കമലാദേവി ചതോപാധ്യായയെയും സുചേത കൃപലാനിയെയും മാഡം ഭിക്കാജി കാമയെയും ക്യാപ്റ്റൻ ലക്ഷ്മിയെയും വിസ്മരിക്കാൻ കഴിയില്ലെന്നു രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളെ പൊതു വേദിയിൽ വിലക്കാൻ ആരു ശ്രമിച്ചാലും വിജയിക്കാൻ പോകുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സ്ത്രീകളെ ആക്രമിക്കുന്നവർ എത്ര ശക്തനും ഉന്നതനും ആണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മതിയായ ശിക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ‍, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രി ജെ.ചിഞ്ചുറാണി, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരും പ്രസംഗിച്ചു.

Advertisment