/sathyam/media/post_attachments/85Fa1Txz482C8e0o2rRb.jpg)
പെരുമ്പാവൂർ: ഗുരുവായൂരപ്പന്റെ ശ്രീകോവിൽ സോപാനത്തിനു മുന്നിൽ പൂജാസമയങ്ങളിൽ പാടിയിരുന്ന അഷ്ടപദിപ്പാട്ട് ഇനി പുറത്തു നിൽക്കുന്ന ഭക്തന്മാർക്കും കേൾക്കാം. ക്ഷേത്രത്തിൽ 6 നേരത്തെ പൂജയ്ക്കായിട്ടാണ് കൊട്ടിപ്പാടിസേവ നടത്തുന്നത്. ഇത് അകത്തുള്ളവർക്കു മാത്രമേ ഇത്രയും കാലം കേൾക്കുവാൻ കഴിയുമായിരുന്നുള്ളൂ. ദേവസ്വം പുറത്തേയ്ക്ക് മൈക്ക് സ്ഥാപിച്ചതോടെ നടപ്പന്തലിലും മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലും മറ്റിടങ്ങളിലും ഇനി മുതൽ കേൾക്കാനാകും.
പന്തീരടി പൂജ, ഉച്ചപ്പൂജ, ദീപാരാധന, അത്താഴപ്പൂജ എന്നീ 4 സമയങ്ങളിലാണ് മൈക്കിലൂടെ അഷ്ടപദി പാടുന്നത്. പുലർച്ചെ ശംഖാഭിഷേകത്തിന് നാരായണീയവും ജ്ഞാനപ്പാനയും ഉള്ളതിനാലും ഉഷഃപൂജയ്ക്ക് വേദപാരായണം നടക്കുന്നതിനാലും അഷ്ടപദിയ്ക്ക് മൈക്ക് ഉപയോഗിയ്ക്കുക പതിവില്ല. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഗുരുവായൂരിൽ കൊട്ടിപ്പാടിസേവയ്ക്ക് ജയദേവ കവിയുടെ 24 അഷ്ടപദികൾ മാത്രമേ പാടാറുള്ളു.
ഗുരുവായൂരിന് മാത്രമായുള്ള ഒരു ആലാപന ശൈലിയായി അറിയപ്പെടുന്ന 'ഗുരുവായൂർ പാണി'യിലാണ് സംഗീതജ്ഞർ ഇതു പാടിവരുന്നത്. ആലാപനം പുറത്തുള്ള ഭക്തർക്കുകൂടി കേൾക്കത്തക്കവിധം മൈക്ക് സംവിധാനം ഏർപ്പെടുത്തിയ ദേവസ്വം ബോർഡ് നടപടി സ്വാഗതാർഹമെന്ന് കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി അംഗങ്ങൾ ഗുരുവായൂരിൽ പറഞ്ഞു.