/sathyam/media/post_attachments/sZtje5sZMfTa5vSy4bAD.jpg)
തിരുവനന്തപുരം: ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി വക്താക്കളുടെ പ്രസ്താവന അപലപനീയവും വിഷലിപ്തവുമെന്ന് ചെന്നിത്തല തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ഇന്ത്യയുടെ പ്രതിനിധികളെ ഞായറാഴ്ച വിളിച്ചുവരുത്തി കുവൈറ്റും, ഖത്തറും, ഇറാനും പ്രതിഷേധത്തിന്റെ നയതന്ത്ര കുറിപ്പുകള്‍ കൈമാറി എന്ന വാര്‍ത്ത ആര്‍ഷഭാരത സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന ഓരോ ഭാരതീയനും അപമാനപൂര്‍വമേ ഉള്‍കൊള്ളാന്‍ കഴിയൂവെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കള്‍ നടത്തിയ അപരിഷ്‌കൃതവും അപലപനീയവും അങ്ങേയറ്റം വിഷലിപ്തവും നിന്ദ്യവുമായ അധിക്ഷേപങ്ങള്‍ക്ക് എതിരെ അറബ് രാഷ്ട്രങ്ങളിലും ആഗോളതലത്തിലും വലിയ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഇന്ത്യയുടെ പ്രതിനിധികളെ ഞായറാഴ്ച വിളിച്ചുവരുത്തി കുവൈറ്റും, ഖത്തറും, ഇറാനും പ്രതിഷേധത്തിന്റെ നയതന്ത്ര കുറിപ്പുകള്‍ കൈമാറി എന്ന വാര്‍ത്ത ആര്‍ഷഭാരത സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന ഓരോ ഭാരതീയനും അപമാനപൂര്‍വമേ ഉള്‍കൊള്ളാന്‍ കഴിയൂ.
നാനാത്വത്തില്‍ ഏകത്വമെന്ന ശക്തവും വൈവിധ്യവുമാര്‍ന്ന സാംസ്‌കാരിക പാരമ്ബര്യങ്ങളിലൂന്നി എല്ലാ മതങ്ങളോടും സഹിഷ്ണുത, സഹവര്‍ത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങള്‍ മുറുകെപിടിക്കുന്ന നമ്മുടെ പൈതൃകത്തിന് ആഗോളതലത്തില്‍ ആഘാതമേല്‍പിക്കുന്ന ആപല്‍ക്കരമായ നയങ്ങളാണ് മോദിയും ബിജെപിയും ഇന്നും അനുവര്‍ത്തിക്കുന്നത്.