/sathyam/media/post_attachments/UsnF5dQl05iVqQ7xLv2M.jpeg)
കാലടി: കാർഷികരംഗത്ത് മനുഷ്യാധ്വാനം കുറയ്ക്കുന്നതിനുള്ള നൂതനപരീക്ഷണങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ. ഇതിനോടകം ദേശീയ തലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു ഇവരുടെ പരീക്ഷണങ്ങൾ. പഠനത്തിന്റെ ഭാഗമായി കൃഷിയ്ക്ക് വെള്ളമൊഴിയ്ക്കാനും വളമിടാനുമുള്ള വെർട്ടിയ്ക്കൽ ഫാമിംഗ് യൂണിറ്റ് നിർമ്മിച്ച് അവതരിപ്പിച്ചിരിക്കുകയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ. മനുഷ്യപ്രയത്നം ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. പരിസ്ഥിതിസൗഹൃദമായ ഈ യന്ത്രവത്കൃത സംവിധാനം ഉപയോഗിച്ച് വിസ്തീർണ്ണം കുറഞ്ഞ കൃഷിയിടങ്ങളിലും വൻതോതിൽ കൃഷി നടത്താമെന്ന് ഇത് രൂപകല്പന ചെയ്ത വിദ്യാർത്ഥികൾ പറഞ്ഞു.
കൃഷിയിൽ മുൻപരിചയമോ ഉയർന്ന സാങ്കേതിക പരിജ്ഞാനമോ ഇതിനാവശ്യമില്ല. വളരെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാനുമാകും. കൃഷിക്കാവശ്യമായ ഘടകങ്ങളെ നിരീക്ഷിക്കുകയും, കർഷകനാവശ്യമായ വിവരങ്ങൾ തത്‌സമയം മൊബൈലിലേയ്ക്കോ കമ്പ്യൂട്ടറിലേയ്ക്കോ സന്ദേശമായി എത്തിയ്ക്കുകയുമാണ് ഈ സംവിധാനത്തിലൂടെ സാധ്യമാകുന്നത്. ദേശീയ തലത്തിൽ ഐഡിയ ലാബ് സംഘടിപ്പിച്ച ഹാക്കത്തോണിൽ വെർട്ടിക്കൽ ഫാമിങ്ങ് യൂണിറ്റുമായി കേരളത്തിൽ നിന്നും പങ്കെടുത്ത ഏക ടീമാണ് ആദിശങ്കര.
വിദ്യാർത്ഥികളായ പി. എം. ഗൗതം, പ്രണവ് നായർ, ജെറിൻ ജോമി, കെ.വി. സാൻജോ, മുഹമ്മദ് സലിജ്, വി.സരദ്, ജിഷ്ണു കൃഷ്ണ, ജിസോ കെ. ജോസ്, ഇലക്ട്രിക്കൽ വിദ്യാർത്ഥിനികളായ ഖദിജ ബീവി, സൻജന ജോസ് എന്നിവർ ചേർന്നാണ് വെർട്ടിക്കൽ ഫാമിങ്ങ് യൂണിറ്റ് വികസിപ്പിച്ചെടുത്തത്. മെന്റർമാരായ ഡോ. കെ.കെ എൽദോസ്, വകുപ്പ് മേധാവി കെ.ടി. സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us