ആലുവ: ശനിയാഴ്ച രാവിലെ ആലുവ പെരിയാർക്കടവിൽ ഒരപൂർവ്വ സാഹസിക നീന്തൽ ചരിത്രത്തിന് സാക്ഷിയാകാൻ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. രണ്ടു പെൺകുട്ടികൾ പെരിയാറിനു കുറുകെ നീന്തുവാൻ തയ്യാറെടുത്തു നിൽക്കുകയാണ്. ഇരുകൈകളും പുറകിൽ കയറിനാൽ ബന്ധിച്ച 15 വയസ്സുള്ള സൈറ സുൽത്താനയ്ക്കും 27 വയസ്സുള്ള അനഘ സൂരജനും ഭയാശങ്കൾ ഒന്നുമുണ്ടായിരുന്നില്ല. പ്രശസ്ത നീന്തൽ പരിശീലകൻ സജി വാളശ്ശേരിയുടെ കീഴിൽ നീന്തലഭ്യസിച്ച ഇരുവരും രാവിലെ 7.55ന് സാഹസിക നീന്തലിന് തയ്യാറായി മണ്ഡപം കടവിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ്സ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാബു കൊല്ലംപറമ്പിൽ എന്നിവരുടെയും മറ്റു പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ ആലുവ എം. എൽ. എ. അൻവർ സാദത്ത് ആണ് പെൺകുട്ടികളുടെ കൈകെട്ടി നീന്തലിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചത്.
അനായാസേന ഒഴുക്കിനെതിരെ ഇരുവരും ദേശം കടവിലേയ്ക്ക് നീന്തുന്നത് കൗതുകത്തോടെയും അതിലേറെ ഉദ്വേഗത്തോടെയുമാണ് കാഴ്ചക്കാർ കണ്ടുനിന്നത്. 780 മീറ്ററാണ് സൈറയും അനഘയും നീന്തിയത്. ഇരുവരും മണപ്പുറം ദേശം കടവിലെത്തിയപ്പോൾ വാളശ്ശേരിൽ റിവർ സ്വിമ്മിംഗ് ക്ലബ് അംഗവും കാസർഗോഡ് ഡെപ്യൂട്ടി കളക്ടറുമായ ജെഗ്ഗി പോളും ആലുവ മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലൈസ ജോൺസണും മറ്റു ക്ലബംഗങ്ങളും പ്രമുഖരും ചേർന്ന് സ്വീകരിക്കാനുണ്ടായിരുന്നു. എടയപ്പുറം മണപ്പുറത്തുവീട്ടിൽ അഡ്വക്കേറ്റ് അബ്ദുൽ റഹ്മാന്റെയും ഷൈലയുടെയും മകൾ സൈറ സുൽത്താന ആലുവ നിർമ്മല ഹയർ സെക്കന്ററി സ്‌കൂളിൽ പത്താം ക്‌ളാസിൽ പഠിയ്ക്കുന്നു. ചൊവ്വര പുത്തൻവേലി ഹൗസിൽ സത്യന്റെയും മുൻ കായികാധ്യാപികയായ ഹണിയുടെയും മകളായ അനഘ ഭർത്താവ് സൂരജിനും മകൻ ദക്ഷിതിനുമൊപ്പമാണ് സാഹസിക നീന്തലിന് തയ്യാറെടുത്തെത്തിയത്.
കഴിഞ്ഞ 13 വർഷമായി 5700 ഓളം പേരെ സൗജന്യമായി നീന്തൽ പഠിപ്പിക്കുകയും അതിൽ തന്നെ 1600-റോളം പേരെ പെരിയാറിന്റ വീതി കൂടിയ ഭാഗം ക്രോസ്സ് ചെയ്തു നീന്തിയ്ക്കുകയും ചെയ്ത പരിശീലകനാണ് സജി വാളശ്ശേരി. ഈ വർഷം നീന്തൽ പഠിക്കുവാൻ ചേർന്നതു 706 പേരാണ്. നീന്തൽ പഠിച്ചവരിൽ നിന്നും 130 ഓളം പേർ 780 മീറ്ററോളം പെരിയാർ ക്രോസ്സ് ചെയ്തു നീന്തിയാതായി സജി പറഞ്ഞു. ജന്മനാ 90% വൈകല്യമുള്ള ആസിം വേളിമണ്ണയും രണ്ടാമത്തെ വയസ്സിൽ പോളിയോ ബാധിച്ചു അരയ്ക്കു താഴേക്ക് തളർന്ന രതീഷും ട്രെയിൻ അപകടത്തിൽ ഇരു കാലുകളും മുട്ടിനു താഴെ നഷ്ട്ടപെട്ട ഷാനും 69 വയസ്സുകാരി ആരിഫയും 71 വയസ്സുകാരൻ വിശ്വംഭരനും ഈ വർഷം സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ നീന്തൽ പഠിച്ചു പെരിയാറിനു കുറുകെ നീന്തി ചരിത്രമെഴുതിയവരാണ്.