പരിസ്ഥിതിലോലം - പ്രതിക്ഷേധ അഗ്നിയിൽ പാലക്കാടൻ മലയോരം, നാടുനീളെ കർഷക അതിജീവന സദസ്സുകൾ 

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

പരിസ്ഥിതിലോല വിഷയത്തിൽ പാലക്കാടൻ മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്ന പ്രതിക്ഷേധ സമരങ്ങളെ കൂടുതൽ ശക്തമാക്കുകയാണ് സംയുക്ത കർഷകസംരക്ഷണ സമിതി. കഴിഞ്ഞ ശനിയാഴ്ച പാലക്കാട് വച്ച്നടന്ന കർഷക സംരക്ഷണ പ്രവർത്തകരുടെ സംയുക്ത സമ്മേളനം പരിസ്ഥിതിലോല വിഷയത്തിൽ പ്രതിക്ഷേധം കടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പാലക്കാട് കർഷക സംരക്ഷണ സമിതി, കിഫ, ഭൂസംരക്ഷണ സമിതി, ദേശീയ കർഷക രക്ഷാവേദി എന്നീ സംഘടകളാണ് പ്രധാനമായും പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി പാലക്കാടിൻ്റെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന അതിജീവന സദസ്സിന് നേതൃത്വം നല്കുന്നത്.

ജൂൺ 19ന് ഞായർ ഒലിപ്പാറയിലാണ് ആദ്യ അതിജീവന സദസ്സും, പ്രതിക്ഷേധ പ്രകടനവും നടക്കുന്നത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിൻ്റെ ബഫർ സോൺ പരിധിയിൽ വരുന്ന ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ കർഷകരെ അണിനിരത്തിയാണ് നിലവിൽ ബഫർ സോൺ പരിധിയിൽ വരുന്ന ഒലിപ്പാറയിൽ ആദ്യ അതിജീവന സദസ്സ് ആരംഭിക്കുന്നത്. പരിസ്ഥിതിലോല നിയമങ്ങൾക്കൊപ്പം, അടിക്കടിയുണ്ടാകുന്ന വന്യമൃഗശല്യവും, വന്യമൃഗങ്ങൾ ജീവനെടുക്കുന്നതും കൃഷി നശിപ്പിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് മുഴുവൻ വില്ലേജും പരിസ്ഥിതിലോലമായ അട്ടപ്പാടിയിൽ അതിജീവന സദസ്സും, അരലക്ഷം ആളുകളെ അണിനിരത്തുന്ന പ്രതിക്ഷേധ പ്രകടനവും അരങ്ങേറുന്നത്.

കർഷകൻ്റെ ജീവിതം ദുസ്സഹമാക്കുന്ന, അപ്രഖ്യാപിത കുടിയിറക്കലിലേക്ക് നയിക്കുന്ന കരിനിയമങ്ങളെ തങ്ങളുടെ മണ്ണിൽ നിന്ന് മാറ്റുവോളം പ്രതിക്ഷേധത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ചെവ്വാഴ്ച അട്ടപ്പാടിയിൽ ചേർന്ന സംയുക്ത കർഷകസംരക്ഷണ സമിതി പ്രഖ്യാപിച്ചു. സൈലൻ്റ് വാലി ESZ പ്രഖ്യാപിച്ചപ്പോൾത്തന്നെ മുക്കാലി മുതൽ ആനക്കട്ടി വരെ 37 കിലോമീറ്റർ ഏകദേശം അമ്പതിനായിരത്തോളം പേരെ അണിനിരത്തി അതിജീവന മതിൽ തീർത്തിരുന്നു. അട്ടപ്പാടിയിലെ മുഴുവൻ ഊരുകളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെയാണ് വരുന്ന തിങ്കളാഴ്ച ജൂൺ 20ന് രാവിലെ 10 മണിക്ക് അഗളിയിൽ ആരംഭിച്ച് ഗൂളിക്കടവിൽ സമാപിക്കുന്ന പ്രതിക്ഷേധ റാലിയും അതിജീവന സദസ്സും സംഘടിപ്പിക്കുക. വിദ്യാർത്ഥികളും മുതിർന്നവരും ഒരേ പോലെ പ്രതി ക്ഷേധത്തിൽ അണിചേരുമെന്ന് സംഘാടകർ അറിയിച്ചു.

ജൂൺ 21 ന് വടക്കുംചേരിയിൽ ആരംഭിക്കുന്ന അതിജീവന പ്രതിക്ഷേധറാലി ചെറുപുഷ്പം സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച് വടക്കുംചേരി ടൗണിൽ സമാപിക്കും. ജൂൺ 21ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.3o തിന് ആരംഭിച്ച് ടൗണിൽ സമാപിക്കും. വടക്കഞ്ചേരിയുടെ സമീപ പഞ്ചായത്തുകളിലേയും, കിഴക്കഞ്ചേരിയിലേയും കർഷകരെ അണിനിരത്തിയായിരിക്കും അതിജീവന സദസ്സ് സംഘടിപ്പിക്കുക. പിച്ചി വാഴാനിയുടെ ബഫർ സോണും, ESA - പരിധിയിൽ വരുന്ന കിഴക്കഞ്ചേരിയും സമരച്ചൂടിൻ്റെ ഭാഗമാകും.

പാലക്കയം, കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, തെങ്കര പ്രദേശങ്ങളുടെ കർഷക ആശങ്കയെ ആളിക്കത്തിക്കുന്ന പ്രതിക്ഷേധ പ്രകടനമായിരിക്കും ജൂൺ 22ന് കാത്തിര പുഴയിൽ സംഘടിപ്പിക്കപ്പെടുക. ജൂൺ 22ന് ബുധനാഴ്ച വൈകുന്നേരം 4.30 തിന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിസരത്തു നിന്ന് ആരംഭിക്കുന്ന പ്രതിക്ഷേധ റാലി കാത്തിരത്ത് പി. എം. ജെ ഓഡിറ്റോറിയത്തിൽ സമാപിക്കും. പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ ഉത്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ കിഫ ചെയർമാർ ശ്രീ അലക്സ് ഒഴുകയിൽ വിഷയം അവതരിപ്പിക്കും.

പാലക്കാടിൻ്റെ മലയോര മേഖലയെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന പരിസ്ഥിതി ലോലവിഷയത്തിൽ ഉത്തരവാദിത്വപ്പെട്ടവരുടെ ഇടപെടലുകളാണ് ഇത്തരം പ്രതിക്ഷേധ പ്രകടനങ്ങൾ ലക്ഷ്യം വയ്ക്കുന്നത് എന്ന് സംയുക്ത കർഷക സംഘടനാ പ്രതിനിധികൾ അറിയിച്ചു.

Advertisment