നിലയ്ക്കൽ അന്നദാന അഴിമതി: മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: നിലയ്ക്കൽ അന്നദാന അഴിമതി കേസിൽ മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയപ്രകാശ് അറസ്റ്റിലായി. വിജിലൻസ് ആണ് ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്. നിലയ്ക്കലിൽ അന്നദാനത്തിന് സാധനങ്ങൾ ഇറക്കിയ ഇനത്തിൽ കരാറുകാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിയ കരാറുകാരനാണ് വിജിലൻസിനെ സമീപിച്ചതോടെയാണ് അന്നദാനത്തിന് മറവിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കൊല്ലം ആയൂരിലെ വീട്ടിൽ നിന്നാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

നിലയ്ക്കൽ അന്നദാന അഴിമതി കേസിലെ മുഖ്യപ്രതിയായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ കഴിഞ്ഞമാസം സർവ്വീസിൽ നിന്നും വിരമിച്ചിരുന്നു.  സുധീഷ് കുമാറിനെതിരായ നടപടികൾ ദേവസ്വം ബോർഡ് നിർത്തിവച്ചിരിക്കുന്നതിനിടെയായിരുന്നു വിരമിക്കൽ. വിജിലൻസ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാൽ സുധീഷ് കുമാറിന് സർവീസ് ആനുകൂല്യങ്ങൾ ഒന്നും അനുവദിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് വിശദീകരിക്കുന്നത്.

നിലയ്ക്കലിലെ  അന്നദാന കരാറിൽ കോടികളുടെ ക്രമക്കേട് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാർ. അന്നദാന കരാറുകാരന് ബോർഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം  കരാറുകാരനെ സ്വാധീനിച്ച് ഒന്നര കോടി എഴുതി എടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും  കരാറുകാരൻ വഴങ്ങാതെ വന്നതോടെ മറ്റ് ചില സ്ഥാപനങ്ങളുടെ പേരിൽ  ചെക്കുകള്‍ മാറിയെടുത്തുവെന്നുമാണ് കേസ്.

ദേവസ്വം ബോർഡ് വിജിലൻസും സ്റ്റേറ്റ് വിജിലൻസും നടത്തിയ അന്വേഷണത്തിൽ നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്,  ശബരിമലയിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസ‍ർമാരായ രാജേന്ദ്രപ്രസാദ്, സുധീഷ് കുമാര്‍ , ജൂനിയർ സൂപ്രണ്ട് വാസുദേവൻനമ്പൂതിരി എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

പ്രതികളെ പുറത്താക്കണമെന്നായിയിരുന്നു വിജിലൻസ് റിപ്പോർട്ട്. എന്നാൽ കുറ്റപ്പത്രം കിട്ടിയിട്ടും തിരുവിതാകൂർ ദേവസ്വം ബോർഡ് തുടർനടപടികൾ എടുത്തില്ലെന്ന് വിമർശനമുയർന്നു. ഇതേ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെയാണ് സർവ്വീസ് പൂർത്തിയാക്കി സുധീഷ് കുമാർ രാജിവച്ചത്. അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ വിരമിക്കാൻ ദേവസ്വം ബോർഡ് അവസരമൊരുക്കിയെന്നാണ് ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ തുടരുകയണെന്നും സുധീഷ് കുമാറിന് വിരമിക്കൽ ആനൂകൂല്യം ഒന്നും  അനുവദിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

Advertisment