/sathyam/media/post_attachments/hjDPTz6lR2lPuEbEI0pa.jpeg)
കണ്ണൂർ: മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏകീകൃത കേരള ദേവസ്വം ബോർഡ് രൂപീകരിക്കണമെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു. മലബാർ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ എൻ ടി യു സി ) തലശ്ശേരി അസി.കമ്മീഷണർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.മുരളീധരൻ. ഐക്യ കേരളം രൂപീകരിച്ചിട്ട് 64 വർഷം പിന്നിട്ടിട്ടും സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ പല പേരിലും പല സ്വഭാവത്തിലും പ്രവർത്തിക്കുന്നത് ന്യായമായ കാര്യമല്ല. ദേവസ്വം ബോർഡുകൾക്ക് ഏകീകൃത സ്വഭാവം ഉണ്ടാക്കുവാൻ ഏകീകൃത കേരള ദേവസ്വം ബോർഡ് രൂപീകരിക്കുവാൻ സർകാർ മുൻ കൈ എടുക്കണം. ഇതിന് സാമുദായിക-രാഷ്ടിയ സംഘടനകളുടെയും ട്രസ്റ്റിമാരുടെയും യോഗം വിളിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളിൽ നവോത്ഥാനം വേണമെന്ന് പ്രസംഗിക്കുന്ന തൊഴിലാളി വർഗ്ഗ പാർട്ടി എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം നേതൃത്വം നൽകുന്ന സർക്കാർ ക്ഷേത്ര ജീവനക്കാർക്ക് ശമ്പളം പോലും നിഷേധിച്ചു കൊണ്ട് ജീവനക്കാരെ അപരിഷ്കൃത സമൂഹത്തിലേക്ക് തള്ളിവിടുകയാണ്. മാസ മാസം ശമ്പളം നൽകി ക്ഷേത്ര ജീവനക്കാർക്ക് മെച്ചപ്പെട ജീവിത സാഹചര്യം ഒരുക്കണമെന്നും പ്രഖ്യാപനത്തിൽ ഒതുങ്ങിയ ശബള പരിഷ്ക്കരണം ഉടൻ നടപ്പിൽ വരുത്തണമെന്നും കെ.മുരളീധരൻ എം പി പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡന്റ് രാജീവൻ എളയാവൂർ അധ്യക്ഷത വഹിച്ചു. വി.എ.നാരായണൻ , സജീവ് മറോളി , അഡ്വ.സജിത്ത്, എം.പി. അരവിന്ദാക്ഷൻ, വിജയ് കൃഷ്ണൻ , സുനിൽ രാമന്തളി , എൻ നാരായണ പിടാരർ, കെ സി . കേശവൻ , എസ് എൻ പി നമ്പൂതിരി , രജ്ജിത്ത് സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുരളീധരൻ സ്വാഗതവും ജില്ല സെക്രട്ടറി പി എം മോഹനൻ നമ്പീശൻ നന്ദിയും പറഞ്ഞു.