ഒക്കൽ വിത്തുത്പാദന കേന്ദ്രത്തിന്റെ മുഖച്ഛായ മാറുന്നു ; എറണാകുളം ജില്ലാ പഞ്ചായത്ത് കാർഷിക വിജ്ഞാന ടൂറിസം ആരംഭിക്കുന്നു

author-image
ജൂലി
Updated On
New Update

publive-image

Advertisment

പെരുമ്പാവൂർ: കേരളത്തിലെ കാർഷിക സംസ്കാരത്തിന്റെ പരമ്പരാഗതവും നൂതനവുമായ പാഠങ്ങൾ പുതിയ തലമുറയ്ക്ക് ആസ്വാദ്യകരമായി അറിഞ്ഞാസ്വദിച്ചു പഠിയ്ക്കാനായി എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പെരുമ്പാവൂർ ചേലമറ്റത്തിനടുത്ത് ഒക്കൽ സംസ്ഥാന വിത്തുത്പാദനകേന്ദ്രത്തിൽ വിദ്യാഭ്യാസ ടൂറിസം പദ്ധതിയ്ക്ക് തുടക്കമിടുന്നു. കൃഷികളിലൂടെ എങ്ങനെ പ്രകൃതിയെ സംരക്ഷിച്ചു നിർത്താമെന്ന പാഠങ്ങൾ വരും തലമുറയ്ക്ക് കൈമാറുകയെന്നതാണ് ഈ ഫാം ടൂറിസം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

publive-image

എം.സി. റോഡിനോട് ചേർന്ന് ഒക്കലിൽ 32 ഏക്കറിലാണ് കൃഷിവകുപ്പിന്റെ വിത്തുത്പാദനകേന്ദ്രം സ്ഥിതിചെയ്യുന്നത്. ജില്ലാ പഞ്ചായത്താണ് ഈ പദ്ധതിയ്ക്കായി മുൻകൈ എടുത്ത് നടപ്പാക്കുനന്ത്. വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാന്യം നൽകുന്നതെങ്കിലും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒറ്റയ്ക്കും, കുടുംബമായും ഫാമില്‍ എത്തി ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ കഴിയും വിധമാണ് പദ്ധതി രൂപപ്പെടുത്തുന്നത്. നിലവില്‍ ഇവിടെ നെല്‍കൃഷിയാണ് ഏറ്റവുമധികം ഉള്ളതെങ്കിലും മത്സ്യം, പച്ചക്കറി, താറാവ്, ആട്, തുടങ്ങിയവയെയും സംയോജിത മാതൃകയില്‍ കൃഷിചെയ്യുന്നുണ്ട്. പ്ലാന്റ് നഴ്‌സറികളും, കമ്പോസ്റ്റ് യൂണിറ്റും, വില്‍പന കേന്ദ്രവും ഫാമിന്റെ ഭാഗമായുണ്ട്. ഇവയെല്ലാം ഒത്തുചേര്‍ന്ന ഫാമിന്റെ മനോഹര കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്.

publive-image

ആസ്വദിക്കുന്നതിനോടൊപ്പം അറിവും പകരുക എന്ന ഉദ്ദേശ്യമാണ് വിദ്യാഭ്യാസ ടൂറിസം എന്ന ആശയത്തിന് പിന്നില്‍. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് കൃഷിരീതികള്‍ പഠിക്കുകയും പ്രായോഗികജ്ഞാനം നേടുകയും ചെയ്യുന്നു. പുതുതലമുറയ്ക്കും പൊതുജനങ്ങള്‍ക്കും ധാരണ ഉറപ്പുവരുത്തുകയാണ് വിദ്യാഭ്യാസ ടൂറിസത്തിലൂടെ ലക്ഷ്യമാക്കുന്നത്. കര്‍ഷകരും കൃഷിയോട് താത്പര്യമുള്ളവരും ധാരാളമായി ഇവിടെ എത്തുന്നുണ്ട്. ഘട്ടം ഘട്ടമായി സര്‍ഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ഓപ്പണ്‍ എയര്‍ ആംഫി തിയേറ്റര്‍, ഉദ്യാന വികസനം, ഏറുമാടം എന്നിവ ഒരുക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലാണ്.

ഫാം സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജനങ്ങള്‍ക്കും, സംവദിക്കുന്നതിനും ക്ലാസ്സുകള്‍ നടത്തുന്നതിനുമായുള്ള വേദിയായിട്ടാണ് ഓപ്പണ്‍ എയര്‍ ആംഫി തിയേറ്റര്‍ ആലോചനയിൽ ഉള്ളത്. ഫാമിന്റെ വിവിധ ഇടങ്ങളില്‍ ഇരിപ്പിടങ്ങളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുകയും അവയോട് ചേര്‍ന്ന് ചെടികൾ വച്ചുപിടിപ്പിക്കുകയുമാണ് ഉദ്യാന വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഫാമിന്റെ മനോഹരമായ കാഴ്ച ലഭിക്കും വിധത്തില്‍ തിരക്കേറിയ എം.സി. റോഡിനോട് ചേർന്നുള്ള വില്‍പ്പനശാലയ്ക്ക് സമീപം മാവിന്‍ കൂട്ടത്തിനിടയിൽ ഏറുമാടം ക്രമീകരിച്ച് സന്ദർശകരെ ആകർഷിയ്ക്കാനാണ് പദ്ധതിയിടുന്നത്.