പരിമിതികളെ മറികടന്ന് ജോസിന്‍ നേടിയത് മിന്നും ജയം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

പരിമിതികള്‍ക്ക് മുന്നില്‍ തെല്ലും പതറാതെ എസ് എസ് എല്‍ സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരിക്കുകയാണ് ജോസിന്‍ സി. സജി. എണ്‍പത് ശതമാനം സെറിബ്രല്‍ പാള്‍സി ബാധിതനാണെങ്കിലും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ഈ കൊച്ചുമിടുക്കന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ആദ്യ ചുവടുവയ്പ്പാണ് ഈ വിജയം. എസ് എസ് എല്‍ സി പരീക്ഷയില്‍ എട്ട് എ-പ്ലസും, ഒരു എയും ഒരു സി-പ്ലസുമാണ് ജോസിന്‍ നേടിയത്. വീട്ടുകാരുടെയും അധ്യാപകരുടെയും ശക്തമായ പിന്തുണയും കരുതലുമാണ് ജോസിന്റെ വിജയത്തിന് പിന്നില്‍.

Advertisment

സ്വന്തം മകന്റെ പോരായ്മകളില്‍ തളര്‍ന്നുപോകാതെ അവന് താങ്ങും തണലുമായി അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്തിയെടുക്കാനും മാത്രമായി രാവിലെ മുതല്‍ വൈകിട്ട് വരെ സ്‌കൂളില്‍ സമയം ചെലവഴിക്കുന്ന ജോസിന്റെ അമ്മ ഷൈനി, എല്ലാ മാതാപിതാക്കള്‍ക്കും മാതൃകയാണ്. അറക്കുളം ബി ആര്‍ സി പരിധിയിലെ തുടങ്ങനാട് സെന്റ് തോമസ് ഹൈ സ്‌കൂളില്‍ പരീക്ഷ എഴുതിയാണ് ജോസിന്‍ തിളക്കമാര്‍ന്ന ഈ നേട്ടം കൈവരിച്ചത്. അറക്കുളം ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ സ്പെഷ്യല്‍ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്.

മുട്ടം എടപ്പള്ളി ചുക്കനാനിക്കല്‍ സജിയുടെയും ഷൈനിയുടെയും മകനാണ് ജോസിന്‍. മുത്തശ്ശി ഗ്രേസിയും സഹോദരി ജോസ്മിയും എല്ലാ പിന്തുണയും ആയി ജോസിനോടൊപ്പമുണ്ട്. അനിമേഷന്‍ മേഖലയില്‍ വിസ്മയം തീര്‍ക്കാനാണ് ജോസിന്റെ ആഗ്രഹം.

Advertisment