തിരുവനന്തപുരം: ലോക കേരളസഭയിൽ വ്യത്യസ്തമായ നിർദ്ദേശം അവതരിപ്പിച്ച് ജോസ് കെ. മാണി എം.പി. പ്രവാസികളായ പുതിയ തലമുറകളെ കേരളത്തിൻ്റെ വികസനത്തിൽ പങ്കാളിയാകുന്നതിനായി പ്രത്യേക സമീപനം വേണമെന്ന ആവശ്യമാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഇത് ചടങ്ങിൽ ഏറെ ശ്രദ്ധേയമായി. കേരളത്തിൽ ജനിച്ചു വളർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിൽതേടി താമസമാക്കിയ പ്രവാസികൾക്ക് കേരളത്തോടും കേരളത്തിലെ വികസനത്തോടുമുള്ള താല്പര്യം വളരെ വലുതാണ്.
അവരിൽ പലരും കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാവാനും കേരളീയ ജീവിതത്തിലെ ഭാഗമാകാനും കേരളത്തിൻ്റ് സാമൂഹിക ആവശ്യങ്ങളിൽ തണലാവാനും അവർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വിദേശരാജ്യങ്ങളിൽ ജനിച്ച് അവിടെ വളർന്ന പ്രവാസികളുടെ അടുത്ത തലമുറയെ സംബന്ധിച്ച് കേരളവുമായി അത്തരത്തിലൊരു വൈകാരിക ബന്ധം സ്വാഭാവികമായും ഇല്ല.
https://www.facebook.com/palaachzyanz/videos/1255170058655774
അതുകൊണ്ടുതന്നെ വരുന്ന തലമുറയാണ് കേരളത്തിന്റെ ഭാവി വികസനത്തിൽ പങ്ക് വഹിക്കേണ്ടത്. അവർക്ക് വേണ്ടി പ്രത്യേകമായ പദ്ധതികൾ ആവിഷ്കരിക്കാനും പ്രവാസികളുടെ പുതിയ തലമുറയുടെ കേരളവുമായുള്ള സാംസാരിക സാമൂഹിക ബന്ധം അവരിൽ ഊട്ടിയുറപ്പിക്കാനും പ്രത്യേക നയസമീപനം ആവശ്യമാണെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
പുതുമയാർന്ന നിർദേശത്തിന് വലിയ സ്വീകാര്യതയാണ് കേരള സഭയിൽ ലഭിച്ചത്. മറ്റുപലരും ചൂണ്ടി കാട്ടാത്ത ഒരു ആശയമാണ് പങ്കെടുത്ത അംഗങ്ങൾ പിന്നീടുള്ള ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം കേരളത്തിന്റെ ഇനിയുള്ള വികസനത്തിനുള്ള ഏറ്റവും വലിയ സാധ്യത വൈജ്ഞാനിക മേഖലകളിൽ ആണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നോളജ് ഇക്കണോമി ആയി കേരളത്തെ മാറ്റാൻ ശ്രമിക്കുമ്പോൾ ഇതിൽ വലിയ പങ്ക് പ്രവാസികൾക്ക് വഹിക്കാനാകും എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പുറത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾക്ക് പഠിക്കാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവ്വകലാശാലകളും കേരളത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ കുട്ടികൾ പഠിക്കാൻ എത്തുകയും അവർ ഇവിടെ സംരംഭകരാകുകയും ചെയ്യുമ്പോഴാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ തരത്തിലുള്ള ഉണർവ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.