തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ മൊബൈല്‍ ആപ്പ് ; വാര്‍ഡ് തലത്തില്‍ സര്‍വേ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ കെ ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുമെന്നും തൊഴില്‍രഹിതരെ കണ്ടെത്താന്‍ വാര്‍ഡ് തലത്തില്‍ സര്‍വേ നടത്തുമെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. രണ്ടാഴ്ചകൊണ്ട് സര്‍വേ പൂര്‍ത്തിയാക്കും. തൊഴില്‍രഹിതരായ യുവതീ യുവാക്കളെ മൂന്ന് വിഭാഗമായി തിരിക്കും. ഐ.ടി പോളിടെക്‌നിക് ഭാഷാ പരിജ്ഞാനമുള്ളവര്‍, ഹ്രസ്വകാല പരിശീലനമാവശ്യമുള്ളവര്‍, ദീര്‍ഘകാല പരിശീലനമാവശ്യമുള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് കുടുംബശ്രീയുടെ ' ഷീ കോച്ചുകള്‍ ' മുഖേന തൊഴില്‍ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ജനകീയാസൂത്രണത്തിന്റെ 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 30 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി അതില്‍ 20 ലക്ഷം പേര്‍ക്കും നാല് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാഴ്ചവയ്‌ക്കേണ്ടതെന്നും സാധാരണക്കാര്‍ക്ക് സഹായകമാകുന്ന നൂതന ആശയങ്ങള്‍ കൊണ്ടുവരണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല. പട്ടി ലോറി കയറി മരിച്ചാലും സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്ന നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കികൊണ്ട് നഗരസഭയെ ഉയര്‍ന്ന സാമ്ബത്തിക വളര്‍ച്ചയിലേക്കെത്തിക്കുകയാണ് 14ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം. കരട് പദ്ധതിരേഖ സെമിനാറില്‍ ചര്‍ച്ച ചെയ്‌ത് വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കി.

സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എ.എ. റഹീം എം.പി, വി.കെ. പ്രശാന്ത് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജമീലാ ശ്രീധര്‍, ഡി.ആര്‍. അനില്‍, എസ്. സലീം, ജിഷ ജോണ്‍, സിന്ധു വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment