തൂവൽചിത്രങ്ങളുടെ കലാകാരി ലാഗ്മി മേനോൻ ; ദശാവതാരത്തൂവൽ ഗുരുവായൂരപ്പന് സമർപ്പിച്ചു

author-image
ജൂലി
Updated On
New Update

publive-image

കോഴിക്കോട്: അധികമാരും തിരഞ്ഞെടുക്കാത്ത ചിത്രരചനാരീതിയിലൂടെ ശ്രദ്ധ നേടിയ ഒരു കലാകാരിയാണ് കോഴിക്കോട് മയ്യനാട് സ്വദേശി ലാഗ്‌മി മേനോൻ. പക്ഷിത്തൂവലുകളിൽ ചിത്രമെഴുതുന്ന അതിസൂക്ഷ്മ ചിത്രരചനാ മികവിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും സ്റ്റാർ ഇൻഡിപെന്റന്റ്‌ അവാർഡും ഈ ഇരുപത്തെട്ടുകാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. തികഞ്ഞ ഗുരുവായൂരപ്പ ഭക്തയായ ഇവർ കുടുംബത്തോടൊപ്പം ഇക്കഴിഞ്ഞ ദിവസം ഗുരുവായൂരിൽ തൊഴാനെത്തിയത് അരയന്നതത്തൂവലിൽ ചിത്രീകരിച്ച ദശാവതാരങ്ങളുടെ സമർപ്പണത്തിനായിട്ടായിരുന്നു.

Advertisment

ഏറ്റവും ചെറിയ പ്രതലങ്ങളിൽ ചിത്രമെഴുതുന്നതിലാണ് ലാഗ്മി കൂടുതലും ശ്രദ്ധ ചെലുത്തുന്നത്. അഞ്ചു ദിവസമെടുത്ത് ഫാബ്രിക് പെയിന്റിൽ പത്തു തൂവലുകളിലായി കമനീയമായി ചെയ്ത ചിത്രങ്ങളാണ് ഗുരുവായൂരപ്പന്റെ സോപാനപ്പടിയിൽ സമർപ്പിച്ചത്. ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കുകയോ ഈ രംഗത്ത് ഗുരുക്കന്മാരോ ലാഗ്മിയ്ക്കില്ല. നൃത്തരംഗത്ത് വർഷങ്ങളായി സജീവമാണ്. കലാമണ്ഡലം സുമംഗല, ഗൗരി ദർപ്പണ സ്വപ്ന മുരളീധരൻ, ഡി-ഫോർ-ഡാൻസ് ഫെയിം വിനീത് മാസ്റ്റർ തുടങ്ങിയ പ്രഗത്ഭരുടെയടുത്തായിരുന്നു നൃത്തപഠനം. എം.ബി.എ. ബിരുദധാരിണിയാണ് ലാഗ്മി. കാണുമ്പോൾ വളരെ കൗതുകം തോന്നുന്നവയാണ് ലാഗ്മിയുടെ ചിത്രകലാപരീക്ഷണങ്ങളെല്ലാം.

publive-image

നടൻ മോഹൻലാലിന്റെ കടുത്ത ആരാധികയായ ലാഗ്മി അദ്ദേഹത്തെ വരച്ചുചേർത്തത് ചക്കക്കുരുവിലും ആപ്പിളിലും ആണ്. മഞ്ചാടിക്കുരുവിൽ ശ്രീകൃഷ്ണനും യേശുദാസും തൂവലിലെ പ്രധാനമന്ത്രി നരേന്ദ്രമോദി, തുവരപ്പരിപ്പിൽ തീർത്ത ഗണപതി, ഇംഗ്ലീഷ് മരുന്നു ടാബ്‌ലറ്റിലെ കൊച്ചു പ്രതലത്തിൽ വരച്ച ഗണപതി, കശുവണ്ടിപ്പരിപ്പിലെ കൃഷ്ണ, കുചേലന്മാർ, ക്രിസ്തുമസ്സ് കാലത്ത് ഉണക്കമുന്തിരിയിന്മേൽ കോറിയ സാന്റാക്ലോസ്, കണിക്കൊന്നപ്പൂവിതളിലെ കൃഷ്ണൻ, മയിൽപ്പീലിയ്ക്കുള്ളിലെ കൃഷ്ണൻ അങ്ങനെ നിരവധി സൂക്ഷ്മചിത്രങ്ങളുണ്ട് ലാഗ്മി മേനോന്റെ കലാവിരുതു തെളിയിക്കുന്നവയായി.

അരയന്നങ്ങളുടെ തൂവലുകൾ ഓൺലൈനായി വരുത്തിയാണ് ചിത്രങ്ങൾ ചെയ്യുന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലത്താണ് ഇത്തരം പരീക്ഷണങ്ങളെല്ലാം വിജയം കണ്ടതെന്ന് ലാഗ്മി പറഞ്ഞു. മയ്യനാട് പുല്ലാട്ടുപറമ്പിൽ രവീന്ദ്രമേനോന്റെയും സി.എം. അംബുജത്തിന്റെയും മകളാണ്. പൊതുപ്രവർത്തകൻ കൂടിയായ ജുബി മായനാടാണ് മൂത്ത സഹോദരൻ. ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനി സ്ട്രേറ്റർ പി. മനോജ്കുമാറും ദേവസ്വം ജീവനക്കാരും ചേർന്നാണ് ദശാവതാരത്തൂവൽചിത്രം ഏറ്റുവാങ്ങിയത്.

Advertisment